National

വ്യാജ ഇന്ത്യൻ രേഖകളുമായി അതിർത്തി കടക്കാൻ ശ്രമം; ബംഗ്ലാദേശിൽ നിന്നുള്ള ദമ്പതികളും കുഞ്ഞും കസ്റ്റഡിയിൽ

Spread the love

വ്യാജരേഖ ഹാജരാക്കി ബംഗ്ലാദേശിൽ നിന്ന് ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ച ദമ്പതികളെ അതിർത്തി ചെക്പോസ്റ്റിൽ വച്ച് കസ്റ്റഡിയിലെടുത്തു. പശ്ചിമ ബംഗാളിലെ കൂച്ച് ബിഹാർ ജില്ലയിലാണ് സംഭവം. ഛംഗ്രബന്ദ ചെക്പോസ്റ്റിൽ എത്തിയ ബംഗ്ലാദേശ് പൗരന്മാരായ ഇനാമുൾ ഹഖ് സുഹൈൽ, ഭാര്യ സഞ്ജിത സിന ഇലാഹി എന്നിവരാണ് വ്യാജരേഖ ഹാജരാക്കി അതിർത്തി കടക്കാൻ ശ്രമിച്ചത്. ഇവരുടെ ഒരു കുട്ടിയും ഇവർക്കൊപ്പം ഉണ്ടായിരുന്നു.

ഇന്ത്യയിൽ വൈദ്യ പരിശോധനയ്ക്ക് ഏഴ് ദിവസത്തെ മെഡിക്കൽ വിസ അനുവദിച്ചിട്ടുണ്ടെന്ന് പറഞ്ഞാണ് ദമ്പതികൾ കുഞ്ഞുമായി വന്നത്. എന്നാൽ കൈവശമുണ്ടായിരുന്ന മെഡിക്കൽ വിസ വ്യാജമാണെന്ന് അതിർത്തിയിലെ പരിശോധനയിൽ വ്യക്തമായി. പിന്നാലെ സുഹൈലിനെ സൈന്യം തടഞ്ഞുവച്ച് പരിശോധിച്ചു.

ദമ്പതികളുടെ ബാഗിൽ നിന്ന് വ്യാജ ഇന്ത്യൻ ഐഡി കാർഡുകളും കണ്ടെത്തി. ബാഗിനകത്ത് തുണികൾക്കുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഇത്. ഐഡി കണ്ടുകെട്ടിയ ബി.എസ്.എഫ് ഇതിൻ്റെ ആധികാരികത പരിശോധിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ദമ്പതികളും കുഞ്ഞും ഇപ്പോൾ പശ്ചിമ ബംഗാൾ പൊലീസിൻ്റെ കസ്റ്റഡിയിലാണ്. ബംഗ്ലാദേശിലെ അതിർത്തി സംഘർഷത്തെ തുടർന്ന് ഇന്ത്യൻ അതിർത്തിയിൽ കർശന പരിശോധന പുരോഗമിക്കുന്നതിനിടെയാണ് ഈ സംഭവം.