National

ഷെയ്ഖ് ഹസീന ഇന്ത്യയിൽ തന്നെയുണ്ട്’; സർവകക്ഷി യോഗത്തിൽ സാഹചര്യം വ്യക്തമാക്കി കേന്ദ്ര സർക്കാർ

Spread the love

ദില്ലി: ബംഗ്ലാദേശ് കലാപത്തെത്തുടര്‍ന്ന് രാജിവച്ച് രാജ്യം വിട്ട പ്രധാനമന്ത്രി ഷെയഖ് ഹസീന ഇന്ത്യയില്‍ തന്നെയുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. സര്‍വകക്ഷി യോഗത്തിലാണ് കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഷെയ്ഖ് ഹസീന ഇന്ത്യയില്‍ അഭയം തേടിയോ എന്ന് സർക്കാർ വ്യക്തമാക്കിയില്ല. ബംഗ്ലാദേശിലെ സ്ഥിതി കേന്ദ്ര സര്‍ക്കാര്‍ നിരീക്ഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സർക്കാരിന്‍റെ നടപടികൾക്ക് യോഗത്തില്‍ പങ്കെടുത്ത രാഹുൽ ഗാന്ധിയും കെ സി വേണുഗോപാലും പിന്തുണ അറിയിച്ചു.

ബംഗ്ലദേശിലുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിൽ ചർച്ച നടന്നു. ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് യോഗത്തിൽ കോൺഗ്രസ് ആവശ്യപ്പെട്ടു.പതിമൂവായിരത്തോളം പേർ നിലവില്‍ ബംഗ്ലാദേശിലുണ്ട്. തെരഞ്ഞെടുപ്പ് മുതൽ തുടങ്ങിയ വിഷയങ്ങളാണെന്ന് സർക്കാർ യോഗത്തില്‍ അറിയിച്ചു. ബംഗ്ലാദേശ് സേനയുമായി ബന്ധപ്പെടുന്നുണ്ട്. കലാപത്തിൽ വിദേശ ഇടപെടലുണ്ടോ എന്ന് ഇപ്പോൾ പറയാനാവില്ലെന്നും വിദേശകാര്യമന്ത്രി എസ് ജയശങ്കർ പറഞ്ഞു. രാഹുൽ ഗാന്ധിയുടെ ചോദ്യത്തിനാണ് ജയശങ്കർ ഉത്തരം നല്‍കിയത്. പ്രധാനമന്ത്രി യോഗത്തില്‍ പങ്കെടുത്തില്ല. ആഭ്യന്ത്രമന്ത്രി അമിത് ഷാ പങ്കെടുത്തു.