ആഗോള എണ്ണ വിപണിയിൽ വിലക്കുറയുന്നു; ഇന്ത്യയ്ക്ക് നേട്ടമുണ്ടോ
ആഗോള എണ്ണ വിപണിയിൽ വിലക്കുറവ് തുടരുകയാണ്. കഴിഞ്ഞ ദിവസം ബ്രെന്റ് ക്രൂഡ് ബാരലിന് 77 ഡോളർ വരെ താഴ്ന്നു. വില വർധിപ്പിക്കാനുള്ള ശ്രമങ്ങൾ എണ്ണ ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്മ നടത്തുന്നുണ്ടെങ്കിലും വില കാര്യമായി ഉയരുന്നില്ല.
കടുത്ത വിലക്കുറവിലേക്ക് നയിക്കുന്ന കാരണങ്ങളെന്തൊക്കെ?
ചൈന ചതിച്ചാശാനേ എന്ന് പറയേണ്ടി വരും. ചൈനയിൽ സാമ്പത്തിക സൂചകങ്ങൾ മോശമാകുന്നു. തുടർന്ന് എണ്ണയുടെ ഏറ്റവും വലിയ ആവശ്യക്കാരായ ചൈന എണ്ണ വാങ്ങുന്നത് കുറയ്ക്കുന്നു. രാജ്യാന്തര വിപണിയിൽ എണ്ണയുടെ ആവശ്യം കുറയുന്നു. വില കുറയുന്നു. നിലവിലെ വിലയിടിവിന് പിന്നിലുള്ള പാറ്റേൺ ഇതാണ്. അമേരിക്കയിലും പല കാരണങ്ങൾ കൊണ്ടും എണ്ണ വില ഉയരുന്നില്ല.
വിലക്കുറവ് തുടരുമോ?
ചൈനയിലെ സാമ്പത്തികാവസ്ഥ ഉടനെങ്ങും മെച്ചപ്പെടുമെന്ന പ്രത്യാശ വിദഗ്ധർക്കോ റേറ്റിങ് ഏജൻസികൾക്കോ ഇല്ല. കൊവിഡ് ഏൽപ്പിച്ച ആഘാതത്തിൽ നിന്ന് ചൈനയ്ക്ക് ഇനിയും കരകയറാനായിട്ടില്ല. സിറ്റി അടക്കമുള്ള ഏജൻസികൾ ചൈനയുടെ റേറ്റിങ് താഴ്ത്തുകയും ചെയ്തു. അതുകൊണ്ട് തന്നെ ഉടനെ ചൈനയുടെ എണ്ണ ആവശ്യം കൂടുമെന്ന പ്രതീക്ഷയുമില്ല. ആവശ്യം കൂടാതെ വില ഉയരാനിടയില്ലെന്നാണ് വിദഗ്ധർ പറയുന്നത്.
ഇന്ത്യയ്ക്കെന്താണ് നേട്ടം?
എണ്ണയെ വലിയ തോതിൽ ആശ്രയിക്കുന്ന രാജ്യമാണ് ഇന്ത്യ. എണ്ണ വില കുറഞ്ഞാൽ ഇന്ത്യയുടെ ഇറക്കുമതി ബില്ലിൽ കാര്യമായ കുറവുണ്ടാകും. വ്യാപാരക്കമ്മി കുറയുന്നതോടെ ബാലൻസ് ഓഫ് പേയ്മെന്റ് മെച്ചപ്പെടും. രൂപ സ്ഥിരതയാർജ്ജിക്കുക കൂടി ചെയ്താൽ മെച്ചപ്പെട്ട പദ്ധതികളിലേക്ക് പോകാനാകും. മൊത്തത്തിൽ രാജ്യത്തെ സാന്പത്തിക മേഖലയ്ക്ക് ആശ്വാസം പകരാൻ എണ്ണ വിലക്കുറവ് കൊണ്ട് സാധിക്കുമെന്നാണ് വിലയിരുത്തൽ.