വനത്തിൽ അകപ്പെട്ട രക്ഷാപ്രവർത്തകരെ രക്ഷിച്ച് NDRF സംഘം; കണ്ടെത്തിയ ഒരു മൃതദേഹം എയർ ലിഫ്റ്റ് ചെയ്തു
വനത്തിൽ അകപ്പെട്ട രക്ഷാപ്രവർത്തകരെ രക്ഷിച്ച് എൻ ഡി ആർ എഫ് സംഘം. ഇന്നലെയാണ് കാന്തമലയിൽ രക്ഷാപ്രവർത്തനത്തിന് പോയ 18 അംഗ സംഘം കുടുങ്ങിയത്. ഇവർ കണ്ടെത്തിയ ഒരു മൃതദേഹം എയർ ലിഫ്റ്റ് ചെയ്തു. പോത്തുകൽ ഇരുട്ടുകുത്തിൽ നിന്ന് വനത്തിൽ തിരച്ചിലിന് പോയ 18 അംഗം സംഘമാണ് വനത്തിൽ കുടുങ്ങിയിരുന്നത്.
കാട്ടാനശല്യവും രൂക്ഷമായ പ്രദേശത്തായിരുന്നു രക്ഷാപ്രവർത്തകർ കുടുങ്ങിയത്. വനത്തിനുള്ളിൽ കുടുങ്ങിയ രക്ഷാപ്രവർത്തകർ സുരക്ഷിതരാണെന്ന് അറിയിച്ചിരുന്നു. വനം വകുപ്പിൻ്റെ കാന്തൻപാറ ഔട്ട് പോസ്റ്റിൽ ക്ഷാ പ്രവർത്തകർ എത്തിയിരുന്നു. ഭക്ഷണവും, ലൈറ്റുമുൾപ്പടെ ഇവരുടെ കൈവശമുണ്ടായിരുന്നു.
സൂചിപ്പാറക്ക് സമീപത്തെ കാന്തൻപാറ വെള്ളച്ചാട്ടത്തിന് സമീപമാണ് സംഘം കുടുങ്ങിയിരുന്നത്. കണ്ടെത്തിയ ഒരു മൃതദേഹവും ഇവർക്ക് ഒപ്പം ഉണ്ടായിരുന്നു. ഇത് എയർലിഫ്റ്റ് ചെയ്ത് മാറ്റിയിട്ടുണ്ട്. വയനാട് ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള തിരച്ചിൽ ഏഴാം ദിവസത്തിലേക്ക് കടന്നു. ഐബോഡ് പരിശോധനയിൽ ബെയ്‍ലി പാലത്തിന് സമീപം ലഭിച്ച രണ്ട് സിഗ്നലുകൾ കേന്ദ്രീകരിച്ച് ഇന്ന് പരിശോധന നടത്തും. കൂടാതെ ചാലിയാറിലും ദൗത്യം സംഘം വ്യാപക തിരച്ചിൽ നടത്തും.