Wayanad

അതിഥി തൊഴിലാളികള്‍ സുരക്ഷിതര്‍; ക്യാമ്പുകളില്‍ 406 പേര്‍

Spread the love

ഉരുള്‍പൊട്ടല്‍ മേഖലയായ മുണ്ടക്കൈ-ചൂരല്‍മല പ്രദേശങ്ങളില്‍ താമസിച്ചിരുന്ന അതിഥി തൊഴിലാളികള്‍ സുരക്ഷിതര്‍. ഉരുള്‍പൊട്ടലില്‍ മൂന്ന് അതിഥി തൊഴിലാളികളെ കാണാതാവുകയും ഒരാള്‍ മരണപ്പെടുകയും ചെയ്തു. ഒരാള്‍ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുണ്ട്.

ഈ മേഖലയില്‍ നിന്നും 406 പേരെയാണ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ക്യാമ്പുകളിലേക്ക് മാറ്റി താമസിപ്പിച്ചത്. അസം, മധ്യപ്രദേശ്, ബീഹാര്‍, ഹിമാചല്‍ പ്രദേശ്, ഝാര്‍ഖണ്ഡ്, കര്‍ണാടക, രാജസ്ഥാന്‍, തമിഴ്‌നാട്, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ ഇവര്‍ ഹാരിസണ്‍ മലയാളം ലിമിറ്റഡ്, റാണിമല എസ്റ്റേറ്റ് തുടങ്ങിയ ഇടങ്ങളില്‍ ജോലി ചെയ്യുന്നവരും കുടുംബാംഗങ്ങളുമാണ്. ഹാരിസണ്‍ മലയാളം ലിമിറ്റഡിന് കീഴില്‍ 321 പേരും റാണിമല എസ്റ്റേറ്റ് മേഖലയില്‍ 28 തൊഴിലാളികളുമാണുള്ളത്.
കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍, മേപ്പാടി സെന്റ് ജോസഫ് യു.പി സ്‌കൂള്‍, കോട്ടനാട് യു.പി സ്‌കൂള്‍, മേപ്പാടി ജി.എല്‍.പി സ്‌കൂള്‍, മേപ്പാടി ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂൾ എന്നിവിടങ്ങളിലെ ആറ് ക്യാമ്പുകളിലേക്കാണ് ഇവരെ മാറ്റി താമസിപ്പിച്ചത്. തൊഴില്‍ വകുപ്പ് ജില്ലയില്‍ എത്തുന്ന അതിഥി തൊഴിലാളികളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ ആവാസ് ഫെസിലിറ്റേഷന്‍ സെന്‍റര്‍ സംവിധാനവും ഉപയോഗപ്പെടുത്തിയിരുന്നു. ക്യാമ്പുകളിലുള്ള അതിഥി തൊഴിലാളികള്‍ക്ക് ജില്ലാഭരണകൂടം കൗണ്‍സിലിങും ഭക്ഷണവും ഉറപ്പാക്കുന്നുണ്ട്.

വകുപ്പിന് കീഴിലുള്ള വിവിധ ക്ഷേമനിധി ബോര്‍ഡുകളില്‍ അംഗത്വമുള്ള തൊഴിലാളികള്‍ ക്യാമ്പുകളില്‍ ഉണ്ടോയെന്നറിയാന്‍ വിവരശേഖരണത്തിനായി പ്രത്യേക സംഘത്ത നിയോഗിച്ചിട്ടുണ്ടെന്ന് ജില്ലാ തൊഴില്‍ വകുപ്പ് ഓഫീസര്‍ ജി. ജയേഷ് അറിയിച്ചു. ഡെപ്യൂട്ടി ലേബര്‍ ഓഫീസര്‍ എസ്.പി ബഷീര്‍, വൈത്തിരി, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി താലൂക്കുകളിലെ അസിസ്റ്റന്‍റ് ലേബര്‍ ഓഫീസര്‍മാരായ ജി.നിതീഷ്, എ.കെ വിനീഷ്, സി.എ അബ്ദുല്‍ റഹീം, കല്‍പ്പറ്റ, മാനന്തവാടി പ്ലാന്‍റേഷന്‍ ഓഫീസര്‍മാരായ ആര്‍. പ്രിയ, വിനയന്‍ എന്നിവര്‍ ഫീല്‍ഡ് തല വിവരശേഖരണത്തിന് നേതൃത്വം നല്‍കുന്നു. വകുപ്പിലെ 25 ജീവനക്കാര്‍ക്ക് വിവിധ പ്രവര്‍ത്തനങ്ങളുടെ ഏകോപന ചുമതലയുമുണ്ട്.