വയനാട് ദുരിതാശ്വാസം, അവശ്യവസ്തുക്കളുടെ നീക്കം സുതാര്യമാക്കാന്‍ സോഫ്റ്റ് വെയര്‍
വയനാട് ദുരിത ബാധിതര്‍ക്കായി ശേഖരിക്കുന്ന സാധന സാമഗ്രികള്‍ ശരിയായ കൈകളിൽ തന്നെ എത്തുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഇ.ആര്‍.പി (എന്‍റര്‍പ്രൈസ് റിസോഴ്സ് പ്ലാനിംഗ്) സോഫ്റ്റ് വെയറിന്‍റെ സഹായം. സമാഹരണ കേന്ദ്രങ്ങളിലേക്കെത്തുന്ന സാധനങ്ങളുടെ ഇന്‍പുട്ട് വിവരങ്ങളും ക്യാമ്പുകളിലേക്കുള്ള വിതരണത്തിന്‍റെ ഔട്ട്പുട്ട് വിവരങ്ങളും ഈ സോഫ്റ്റ് വെയര്‍ മുഖേന കൃത്യമായി രേഖപ്പെടുത്തുന്നുണ്ട്.
കല്‍പ്പറ്റ് സെന്‍റ് ജോസഫ് സ്കൂളിലാണ് സാധന സാമഗ്രികളുടെ കേന്ദ്രീകൃത സംഭരണ കേന്ദ്രം. ഇവിടെയാണ് ഇന്‍പുട്ട് രേഖപ്പെടുത്തുന്നത്. https://inventory.wyd.faircode.co, https://inventory.wyd.faircode.co/stock_inventory മുഖേന കളക്ഷന്‍ സെന്‍ററിലേക്ക് ആവശ്യമായവ മനസിലാക്കി എത്തിക്കാന്‍ കഴിയും. മുഴുവന്‍ സാധനങ്ങളുടെയും സ്റ്റോക്ക് റിപ്പോര്‍ട്ട്, അത്യാവശ്യമായി വേണ്ട സാധനങ്ങള്‍, സ്റ്റോക്ക് കുറവുള്ള സാധനങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ ഇതിൽ നിന്നും അറിയാം.
വിതരണകേന്ദ്രത്തിലെ സുതാര്യത ഉറപ്പാക്കുന്നതോടെ വസ്തുക്കള്‍ പാഴാവാതെ ക്യാമ്പുകളിലെ ആവശ്യാനുസരണം വേഗത്തില്‍ എത്തിക്കാന്‍ കഴിയും. കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന ഫെയര്‍കോഡ് ഐടി കമ്പനിയാണ് സോഫ്റ്റ് വെയര്‍ സജ്ജമാക്കിയത്. രജിത്ത് രാമചന്ദ്രന്‍, സി.എസ് ഷിയാസ്, നിപുണ്‍ പരമേശ്വരന്‍, നകുല്‍ പി കുമാര്‍, ആര്‍. ശ്രീദര്‍ശന്‍ എന്നിവരാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.