Wayanad

സുരേഷ് ഗോപി വയനാട്ടിലെത്തി; ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നതിന്റെ നിയമവശങ്ങള്‍ പരിശോധിക്കുമെന്ന് കേന്ദ്രമന്ത്രി

Spread the love

കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി ഉരുള്‍പൊട്ടല്‍ ദുരന്തം നടന്ന വയനാട്ടിലെത്തി. ചൂരല്‍മലയും മുണ്ടക്കൈയും അദ്ദേഹം സന്ദര്‍ശിക്കും. മന്ത്രി പി എ മുഹമ്മദ് റിയാസുമായി സംസാരിച്ച് അദ്ദേഹം സ്ഥിതിഗതികള്‍ വിലയിരുത്തി. വയനാട് ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നതിന്റെ നിയമവശങ്ങള്‍ പരിശോധിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ എല്ലാ കാര്യങ്ങളും കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും സുരേഷ് ഗോപി വ്യക്തമാക്കി. ദുരന്തം തകര്‍ത്ത പുഞ്ചിരിമട്ടം പ്രദേശവും സുരേഷ് ഗോപി സന്ദര്‍ശിക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

നേരില്‍ കണ്ട് മനസിലാക്കുന്ന എല്ലാ കാര്യങ്ങളും കേന്ദ്രസര്‍ക്കാരിനെ അറിയിക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് നിര്‍ദേശിച്ചതിന് പിന്നാലെയാണ് സുരേഷ് ഗോപി ദുരന്തമുഖത്തെത്തുന്നത്. ദുരന്തത്തെ അതിജീവിച്ചുവന്ന മനുഷ്യരുടെ മാനസികാരോഗ്യത്തിനും അവരുടെ പുനരധിവാസത്തിനുമാണ് ഇപ്പോള്‍ മുന്‍ഗണന നല്‍കേണ്ടതെന്ന് സുരേഷ് ഗോപി പറഞ്ഞു.

ദുരന്തം നാശം വിതച്ച മുണ്ടക്കൈയും ചൂരല്‍മലയും സന്ദര്‍ശിച്ച ശേഷം 11 മണിയോടെ അദ്ദേഹം മേപ്പാടിയിലെ മിലിറ്ററി ക്യാമ്പിലെത്തി സൈനിക ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും. ശേഷം അദ്ദേഹം വിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെ കാണും. സംസ്‌കാരം നടക്കുന്ന പൊതുശ്മശാനത്തില്‍ക്കൂടി എത്തിയ ശേഷം അദ്ദേഹം മേപ്പാടിയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിക്കും. ഉച്ചയ്ക്ക് ശേഷം അദ്ദേഹം ഡല്‍ഹിയിലേക്ക് മടങ്ങുമെന്നാണ് അറിയിച്ചിരിക്കുന്നത്.