വയനാട് ദുരന്തമുഖത്ത് ഐബോര്‍ഡ് പരിശോധന; മണ്ണിടിച്ചിലില്‍ 357 മരണം
വയനാട് ഉരുള്‍പൊട്ടലില്‍ 357 പേരുടെ മരണം സ്ഥിരീകരിച്ചു. 206 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. ദുരന്തത്തിന്റെ ആറാം ദിനവും വിശ്രമമില്ലാതെ ദുരന്തമേഖലയില്‍ സൈന്യവും പൊലീസും അഗ്നിരക്ഷാ സേനയും സന്നദ്ധ പ്രവര്‍ത്തകരും നടത്തുന്ന തിരച്ചില്‍ തുടരുകയാണ്. മണ്ണിനടിയില്‍ മനുഷ്യസാന്നിധ്യമുണ്ടോയെന്ന് തിരയാന്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ ചൂരല്‍മലയില്‍ ഐബോര്‍ഡ് പരിശോധന നടക്കുന്നുണ്ട്. അത്യാധുനിക റഡാര്‍ സംവിധാനമാണ് ചൂരല്‍മലയിലെ തിരച്ചിലിനായി ഉപയോഗിക്കുന്നത്.
ഷിരൂര്‍ മണ്ണിടിച്ചില്‍ പ്രദേശത്തെ ഐബോര്‍ഡ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയ റിട്ട. മേജര്‍ ജനറല്‍ ഇന്ദ്രബാലന്‍ ചൂരല്‍മലയിലെ ദുരന്തബാധിത മേഖലയിലെത്തിയിട്ടുണ്ട്. മണ്ണിനടിയില്‍ കുഴിച്ചിട്ട സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്താനാണ് സൈന്യം സാധാരണയായി ഐബോര്‍ഡ് ഉപയോഗിക്കാറുള്ളത്. വെള്ളാര്‍മല സ്‌കൂളിലും പരിസരത്തും വിശദമായ പരിശോധന നടത്തും.
ഇന്ന് ചാലിയാറിലും വിശദമായ പരിശോധന നടന്നുവരികയാണ്. ചാലിയാര്‍ പുഴയിലും സമീപത്തെ വനത്തിലും തിരച്ചില്‍ തുടരുന്നു.ഇന്ന് നാല് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു.ഇത് വരെ പുഴയില്‍ നിന്ന് 209 ആണ് ശരീരങ്ങള്‍ കണ്ടെടുത്തി നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്. മുങ്ങല്‍ വിദഗ്ധരുടേയും പ്രദേശവാസികളുടേയും സഹായത്തോടെയാണ് പുഴയിലെ പരിശോധന പുരോഗമിക്കുന്നത്.