സൗദിയില്‍ പത്ത് മണിക്കൂർ തോരാതെ പെയ്ത് വേനൽ മഴ; പ്രളയം, വ്യാപക നാശനഷ്ടം
റിയാദ്: സൗദി അറേബ്യയുടെ തെക്കുപടിഞ്ഞാർ മേഖലയായ ജിസാനിൽ 10 മണിക്കൂർ തുള്ളിതോരാതെ പെയ്ത മഴയിൽ വ്യാപകനാശം. മേഖലയാകെ വെള്ളം പൊങ്ങി. നിരവധി റോഡുകളും പാലങ്ങളും തകർന്നു. താഴ്‌വരകളിൽ കനത്ത മഴവെള്ളപ്പാച്ചിലുണ്ടായി. വാഹനങ്ങൾ കുടുങ്ങി. തകർന്ന പാലത്തിെൻറ സ്ലാബ് കാറിന് മുകളിൽ പതിച്ച് യുവതി മരിച്ചു. വെള്ളിയാഴ്ച വൈകീട്ടാണ് മേഖലയിൽ കനത്ത മഴയുണ്ടായത്. പുലർച്ച വരെ തുടർന്നു. താഴ്വരകൾ കവിഞ്ഞൊഴുകി. അൽ തവാൽ, സ്വബ്യ, സാംത, അബു അരീഷ് ഗവർണറേറ്റുകളിലെയും വാദി ജിസാനിലെ ചില ഗ്രാമങ്ങളിലെയും ജിസാൻ നഗരത്തിലെയും തെരുവുകളും വീടുകളും വെള്ളത്തിനടിയിലായി.
കനത്ത മഴയിൽ വാണിജ്യ കേന്ദ്രത്തിെൻറ കെട്ടിടങ്ങളിലൊന്നിെൻറ മേൽക്കൂര തകർന്നു. അബൂ അരീഷ്, സ്വബ്യ പട്ടണങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന റോഡിലെ റദീസ് എന്ന പാലം മഴവെള്ളപ്പാച്ചിലിൽ തകർന്നു. ആ സമയം പാലത്തിലുണ്ടായിരുന്ന ചില വാഹനങ്ങൾ അപകടത്തിൽ പെട്ടു. അതിലൊരു കാറിന് മുകളിലേക്ക് പാലത്തിെൻറ സ്ലാബുകളിലൊന്ന് ഇളകിവന്ന് പതിച്ചു യാത്രക്കാരിയായ യുവതി തൽക്ഷണം മരിച്ചു. ഈ പ്രദേശമാകെ വെള്ളത്തിനടിയിലാണ്. വീടുകളിലെല്ലാം വെള്ളം കയറിയിരിക്കുകയാണ്. വാഹനങ്ങൾ വെള്ളത്തിൽ മുങ്ങിപ്പോയി.
ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. സിവിൽ ഡിഫൻസ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. വെള്ളം കയറിയ പ്രദേശങ്ങളിൽനിന്ന് താമസക്കാരെ ഒഴിപ്പിക്കാൻ സിവിൽ ഡിഫൻസ് ഉപകരണങ്ങളും യന്ത്രങ്ങളും ബോട്ടുകളും വിന്യസിച്ചു. സൗദി അറേബ്യയും യമനും അതിര്‍ത്തി പങ്കിടുന്ന അൽ തവാല്‍ പട്ടണത്തിലെ റോഡുകള്‍ പുഴകളായി മാറി. ശക്തമായ മഴക്കിടെ കഴുത്തോളം വെള്ളമുയര്‍ന്ന റോഡുകളിലൂടെ ആളുകള്‍ നടക്കുന്നതിെൻറ വീഡിയോ കാലാവസ്ഥാ വിദഗ്ധന്‍ സിയാദ് അല്‍ജുഹനി ‘എക്സി’ൽ പങ്കുവെച്ചു. അഹദ് അല്‍മസാരിഹ, ദമദ്, അൽ ഹരത്, അൽ ദായിര്‍, അൽ റൈദ്, അൽ അർദ, അൽ ഈദാബി, ഫൈഫ, ഹുറൂബ്, അൽ ദര്‍ബ്, ബേഷ്, ഫര്‍സാന്‍ എന്നിവിടങ്ങളിലും കനത്ത മഴ പെയ്തു.
ജിസാന്‍ പ്രവിശ്യയുടെ വടക്കുഭാഗത്തുള്ള അൽ ദര്‍ബിലെ അല്‍ഖരൻ താഴ്വരയിൽ മലവെള്ളപ്പാച്ചിലില്‍ പെട്ട കാറില്‍ കുടുങ്ങിയ സൗദി യുവാവിനെ ഒരുകൂട്ടം യുവാക്കള്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി. അൽ ദര്‍ബ്-അൽ ഫതീഹ റോഡിലാണ് സംഭവം.
റോഡ് മുറിച്ചൊഴുകുന്ന മലവെള്ളപ്പാച്ചില്‍ കണ്ട് യുവാവ് കാര്‍ നിര്‍ത്തുകായിരുന്നു. മലവെള്ളപ്പാച്ചിന് ശക്തിവര്‍ധിച്ചതോടെ യുവാവ് കാര്‍ പിറകോട്ടെടുക്കാന്‍ ശ്രമിച്ചു. ഈ സമയത്ത് മലവെള്ളപ്പാച്ചിലില്‍ രൂപപ്പെട്ട കുഴിയില്‍ കാര്‍ കുടുങ്ങുകയായിരുന്നു. ഇതോടെ സമീപത്ത് നിര്‍ത്തിയിട്ടിരുന്ന മറ്റു കാറുകളിലെ യാത്രക്കാരായ യുവാക്കള്‍ ചേര്‍ന്ന് യുവാവിനെ രക്ഷപ്പെടുത്തി.
അതിനിടെ കഴിഞ്ഞ ബുധനാഴ്ച അഹദ് അല്‍മസാരിഹ ഗ്രാമത്തിന് സമീപം മസല്ല താഴ്വരയില്‍ കാര്‍ ഒഴുക്കില്‍പെട്ട് കാണാതായ സൗദി യുവാവിെൻറ മൃതദേഹം കഴിഞ്ഞ ദിവസം സിവില്‍ ഡിഫന്‍സ് കണ്ടെത്തി. അൽ അർദ -അഹദ് അൽ മസാരിഹ റോഡിലൂടെ സഞ്ചരിക്കുന്നതിനിടെ സ്വദേശി ദമ്പതികള്‍ സഞ്ചരിച്ച കാര്‍ മലവെള്ളപ്പാച്ചിലില്‍ പെട്ടത്. സിവില്‍ ഡിഫന്‍സും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ യുവതിയുടെ മൃതദേഹവും ദമ്പതികളുടെ കാറും നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. രണ്ടുദിവസം നീണ്ട തെരച്ചിലിനൊടുവിലാണ് യുവാവിെൻറ മൃതദേഹം കണ്ടെത്തിയത്.