National

ഒരു വർഷത്തിനിടെ ഗൾഫിൽ അപകടങ്ങളിൽ മരിച്ചത് 647 ഇന്ത്യക്കാർ; ഖത്തറിലുണ്ടായത് 43 അപകടമരണങ്ങൾ; കേന്ദ്രമന്ത്രി കീർത്തി വർധസിങ്

Spread the love

കഴിഞ്ഞ ഒരു വർഷത്തിനിടെ വിവിധ ഗൾഫ് രാജ്യങ്ങളിലായി 647 ഇന്ത്യക്കാർ അപകടങ്ങളിൽ മരിച്ചതായി വിദേശകാര്യ സഹമന്ത്രി കീർത്തി വർധസിങ് ലോക്സഭയെ അറിയിച്ചു. ബിഹാറിൽനിന്നുള്ള പാർലമെന്റ് അംഗം രാജീവ് പ്രതാപ് റൂഡിയുടെ ചോദ്യത്തിന് ഉത്തരമായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഏറ്റവും കൂടുതൽ അപകട മരണങ്ങൾ സൗദി അറേബ്യയിൽനിന്നാണ് റിപ്പോർട്ട് ചെയ്ത്. 299 പേരാണ് 2023-24 കാലയളവിൽ ഇവിടെ മരിച്ചത്.

യു.എ.ഇ 107, ബഹ്റൈൻ 24, കുവൈത്ത് 91, ഒമാൻ 83, ഖത്തർ 43 എന്നിങ്ങനെയാണ് മറ്റു ജി.സി.സി രാജ്യങ്ങളിലെ അപകട മരണം. ഇതേകാലയളവിൽ 6001 പേർ ഗൾഫ് രാജ്യങ്ങളിൽ മറ്റു കാരണങ്ങളാൽ മരിച്ചു. സ്വാഭാവിക മരണങ്ങളും ആത്മഹത്യകളും ഉൾപ്പെടുന്നതാണിത്. രാജ്യം തിരിച്ചുള്ള കണക്കുകളിൽ ഏറ്റവും മുന്നിലുള്ളത് സൗദി അറേബ്യ തന്നെയാണ്. 2388 പേർ സൗദിയിൽ മരിച്ചതായി മന്ത്രി നൽകിയ മറുപടിയിൽ വിശദീകരിക്കുന്നു. രണ്ടാം സ്ഥാനത്ത് യു.എ.ഇയാണുള്ളത്.

2023 പേരാണ് കഴിഞ്ഞ ഒരു വർഷം യു.എ.ഇയിൽ സ്വാഭാവിക മരണമായി റിപ്പോർട്ട് ചെയ്തത്. ബഹ്റൈൻ 285, കുവൈത്ത് 584, ഒമാൻ 425, ഖത്തർ 296 എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളിലെ സ്വാഭാവിക മരണങ്ങളുടെ കണക്കുകൾ. അപകടങ്ങളിൽ വാഹന അപകട മരണങ്ങളാണ് ഗൾഫ് രാജ്യങ്ങളിൽ നിന്നും ഏറെയും റിപ്പോർട്ട് ചെയ്യുന്നത്. തൊഴിലിടങ്ങളിലെ അപകടങ്ങൾ താരതമ്യേന കുറവാണ്.

അതേസമയം, ഈ വർഷം ജൂണിൽ കുവൈത്തിലുണ്ടായ തീപിടിത്തം സമീപകാലങ്ങളിൽ ഗൾഫ് രാജ്യത്തുണ്ടായ ഇന്ത്യക്കാരുടെ ഏറ്റവും വലിയ ആൾനാശമായിരുന്നു. എന്നാൽ, ഹൃദയാഘാതം ഉൾപ്പെടെ സ്വാഭാവിക മരണങ്ങളുടെ എണ്ണം വർധിക്കുന്നതും പ്രവാസികൾക്കിടയിൽ കടുത്ത ആശങ്ക സൃഷ്ടിക്കുന്നതാണ്.