Sunday, December 29, 2024
Latest:
Kerala

രക്ഷാപ്രവര്‍ത്തകര്‍ക്ക് നല്‍കിയത് കാലാവധി കഴിഞ്ഞ ബ്രെഡെന്ന് പരാതി; തിരച്ചിലിനെത്തിയ പലര്‍ക്കും പ്രഭാതഭക്ഷണം കിട്ടിയില്ല

Spread the love

വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തമുഖത്തെത്തിയ രക്ഷാപ്രവര്‍ത്തകര്‍ക്ക് പലര്‍ക്കും പ്രഭാതഭക്ഷണം ലഭിച്ചില്ലെന്ന് പരാതി. ചിലര്‍ക്ക് ലഭിച്ചത് കാലാവധി കഴിഞ്ഞ ബ്രെഡ് പായ്ക്കറ്റുകളാണെന്നും സന്നദ്ധ പ്രവര്‍ത്തകര്‍ പരാതിപ്പെടുന്നു. ചൂരല്‍മലയില്‍ നിന്ന് 6 കിലോമീറ്ററിലധികം നടന്നാണ് സന്നദ്ധ പ്രവര്‍ത്തകര്‍ പുഞ്ചിരിമട്ടത്തേക്കും മുണ്ടക്കൈയിലേക്കും എത്തുന്നത്. പ്രദേശത്ത് എളുപ്പം ഭക്ഷണം ലഭ്യമല്ലാത്ത സാഹചര്യത്തില്‍ കൃത്യമായി തങ്ങള്‍ക്ക് ഭക്ഷണം വിതരണം ചെയ്യാത്തത് തങ്ങളുടെ പ്രവര്‍ത്തനങ്ങളെ ഉള്‍പ്പെടെ ബാധിക്കുന്നുണ്ടെന്നാണ് ഇവരുടെ പരാതി.

മണിക്കൂറുകള്‍ വൈകിയാണ് ഭക്ഷണം ലഭിച്ചതെന്നും വിതരണം ചെയ്തതില്‍ ചില ബ്രെഡ് പായ്ക്കറ്റുകള്‍ കാലാവധി കഴിഞ്ഞതാണെന്നും സന്നദ്ധ പ്രവര്‍ത്തകര്‍ പരാതിപ്പെടുന്നു. ഇന്നലെ വൈകീട്ട് വരെ തങ്ങള്‍ക്ക് കൃത്യമായി ഭക്ഷണം ലഭിച്ചിരുന്നു. ഭക്ഷണം കൊണ്ടുവരുന്നവരെ പൊലീസ് തടയുന്നുവെന്നും പരാതിയുണ്ട്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന കഴിഞ്ഞ് മാത്രം ഭക്ഷണം വിതരണം ചെയ്താല്‍ മതിയെന്ന് നിര്‍ദ്ദേശം നല്‍കിയത് റവന്യൂ വകുപ്പ് എന്ന് നാട്ടുകാര്‍ പറയുന്നു.

ഭക്ഷണം ലഭിക്കാത്തതുമായി ബന്ധപ്പെട്ട് സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് പരാതിയുണ്ടെങ്കില്‍ ഉടന്‍ പരിഹരിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍ അറിയിച്ചു. സന്നദ്ധ സംഘടനകളുടെ ഭക്ഷണം ഉടന്‍തന്നെ വിതരണം ചെയ്യാന്‍ ആലോചനയുണ്ട്. ജില്ലാ പോലീസ് മേധാവിയോട് വയനാട് കളക്ടേറേറ്റിലെത്താനും മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.