നിയന്ത്രണം വിട്ട് മീൻവണ്ടി മറിഞ്ഞു; മീൻ മുഴുവൻ കൊള്ളയടിച്ച് നാട്ടുകാർ
നിയന്ത്രണം വിട്ടു മറിഞ്ഞ മീൻ വണ്ടിയിലെ മീൻ മുഴുവൻ കൊള്ളയടിച്ച് നാട്ടുകാർ. ജൂലൈ 31 -ന് ബീഹാറിലെ കതിഹാർ ജില്ലയിൽ ഉണ്ടായ അപകടത്തിലാണ് മത്സ്യം കയറ്റിയെത്തിയ വാൻ മറിഞ്ഞത്. ഇതോടെ വാഹനത്തിനുള്ളിൽ ഉണ്ടായിരുന്ന മീൻ മുഴുവൻ നാട്ടുകാർ കൊള്ളയടിക്കുകയായിരുന്നു.
സഹായക് പോലീസ് സ്റ്റേഷനിലെ മിർച്ചായി ബാരി ഏരിയയിലെ മിർച്ചൈബാരി ഹരിശങ്കർ നായക് സ്‌കൂളിന് സമീപമാണ് സംഭവം. വാഹനം അപകടത്തിൽ പെട്ടതോടെ തടിച്ചുകൂടിയ നാട്ടുകാർ കിട്ടിയ അവസരം മുതലാക്കി മീൻ പെട്ടികൾ മുഴുവൻ തട്ടിയെടുക്കുകയായിരുന്നു. സംഭവം നടന്ന് നിമിഷങ്ങൾക്കുള്ളിൽ തന്നെ മീൻ മുഴുവൻ അപ്രത്യക്ഷമായി.
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. പ്രായമായവർ മുതൽ കുട്ടികൾ വരെ മീൻ കൊള്ളയടിക്കുന്നതിനായി മറിഞ്ഞു കിടന്ന വാഹനത്തിന് അടുത്തേക്ക് സഞ്ചികളുമായി ഓടിക്കൂടുന്നതും മീൻ വാരി നിറയ്ക്കുന്നതും കാണാം. റോഡിലൂടെ നടന്നു വന്ന ഒരു കുട്ടിയെ വാഹനം ഇടിക്കാതിരിക്കാൻ നടത്തിയ ശ്രമമാണ് അപകടം ഉണ്ടാവാൻ കാരണമായത്.
ആഗ്രയിലെ എത്മാദ്പൂരിൽ നിന്നും കുറച്ച് ദിവസങ്ങൾക്ക് മുമ്പ് സമാനമായ സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. മദ്യം കയറ്റി വന്ന ഒരു ലോറിയുടെ ഡോർ തുറന്നു പോയതിനെ തുടർന്ന് 30 പെട്ടി മദ്യം റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. മദ്യക്കുപ്പികൾ റോഡിൽ വീണതും നാട്ടുകാർ ഓടിയെത്തി കുപ്പികൾ കൈക്കലാക്കുകയായിരുന്നു. രാജ്പൂർ ചുംഗി നിവാസിയായ സന്ദീപ് യാദവ് എന്നയാളുടെ മദ്യവിൽപ്പനശാലയിലേക്ക് കൊണ്ടുവന്ന മദ്യമാണ് റോഡിൽ വീണതോടെ നാട്ടുകാർ സ്വന്തമാക്കിയത്.