8 കിലോമീറ്റർ അകലെ വരെ ചളിയും പാറക്കൂട്ടങ്ങളും ഒഴുകിയെത്തി; റിമോട്ട് സെൻസിങ് ചിത്രം പുറത്തുവിട്ട് ISRO
വയനാട് ചൂരൽമലയിലെ പഴയ ഉരുൾപൊട്ടലിന്റെയും പുതിയ ഉരുൾപൊട്ടലിന്റെയും റിമോട്ട് സെൻസിങ് ചിത്രം പുറത്തുവിട്ട് ഐ.എസ്.ആർ.ഒ. കാർട്ടോസാറ്റ്-3, റിസാറ്റ് ഉപഗ്രഹങ്ങൾ ആണ് ചിത്രങ്ങൾ പകർത്തിയത്. 86,000 ച. മീറ്റർ പ്രദേശം ഉരുൾ പൊട്ടലിൽ തകർന്നു എന്ന് ഉപഗ്രഹ ചിത്രങ്ങളിൽ വ്യക്തമാക്കുന്നു.
8 കിലോമീറ്റർ അകലെ വരെ ചളിയും മണ്ണും പാറക്കൂട്ടങ്ങളും മരങ്ങളുടെ അവശിഷ്ടങ്ങളും ഒഴുകിയെത്തി. ഹൈദരാബാദിലെ നാഷണൽ റിമോട്ട് സെൻസിംഗ് സെൻറർ (The National Remote Sensing Center (NRSC)) ആണ് ഐ.എസ്.ആർ.ഒയുടെ ഉപഗ്രഹങ്ങൾ പകർത്തിയ ചിത്രങ്ങൾ പുറത്തുവിട്ടത്. ഭൗമോപരിതലത്തിലെ നാശനഷ്ടങ്ങൾ കണക്കാക്കാൻ ശേഷിയുള്ള സെൻസറുകൾ ഘടിപ്പിച്ചതാണ് കാർട്ടോസാറ്റ് ഉപഗ്രഹം.
മുണ്ടക്കൈ ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള തെരച്ചിൽ അഞ്ചാം ദിവസമായ ഇന്നും തുടരും. മുണ്ടക്കൈയും പുഞ്ചിരിമട്ടവും കേന്ദ്രീകരിച്ചാകും ഇന്ന് തെരച്ചിൽ. റഡാറടമുള്ള ആധുനിക സംവിധാനങ്ങൾ തെരച്ചിലിന് എത്തിച്ചിട്ടുണ്ട്. ദുരന്തത്തിൽ ഇതുവരെ 341 പേരാണ് മരിച്ചത്. അതേസമയം വയനാട് മുണ്ടക്കൈ, ചൂരൽമ ഉരുൾപൊട്ടലിൽ രക്ഷാപ്രവർത്തനം അവസാന ഘട്ടത്തിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ചാലിയാറിൽ നിന്നും കണ്ടെടുക്കുന്ന മൃതദേഹങ്ങൾ തിരിച്ചറിയാൻ ബുദ്ധിമുട്ടാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. 93 ദുരിതാശ്വാസ ക്യാമ്പുകളിലായി 14042 പേർ താമസിക്കുന്നുണ്ട്. 148 മൃത ശരീരങ്ങൾ കൈമാറി. 206 പേരെ ഇനിയും കണ്ടെത്തേണ്ടതായിട്ടുണ്ട്. ദുരന്തമേഖലയിലും ചാലിയാറിലും തെരച്ചിൽ തുടരുന്നുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. മണ്ണിൽ പുതഞ്ഞ മൃതദേഹങ്ങൾ കണ്ടെത്താനായി ഡൽഹിയിൽ നിന്ന് ഡ്രോൺ ബെയ്സ്ഡ് റഡാർ എത്തുമെന്ന് അദ്ദേഹം അറിയിച്ചു.