Wayanad

മഹാദുരന്തത്തിനിടയിലെ മനസാക്ഷി ഇല്ലായ്മ; ചൂരല്‍മലയിലെ അടച്ചിട്ട വീട് കുത്തി തുറന്ന് പണം മോഷ്ടിച്ചു

Spread the love

മഹാദുരന്തത്തിനിടയിലെ മനസാക്ഷി ഇല്ലായ്മ. ഉരുള്‍പൊട്ടലുണ്ടായ ചൂരല്‍മലയിലെ അടച്ചിട്ട വീട് കുത്തി തുറന്നു മോഷണം നടത്തി. ബെയ്ലി പാലത്തിനു തൊട്ടടുത്തുള്ള വീട്ടിലാണ് മോഷണം നടന്നത്. പട്ടാളവും പോലീസും ഉള്‍പ്പടെ മുഴുവന്‍ സമയവും ഉള്ളയിടത്താണ് മോഷണം നടന്നിരിക്കുന്നത്. ചൂരല്‍മല സ്വദേശി ഇബ്രാഹീമിന്റെ വീട്ടിലാണ് മഹാദുരന്തത്തിനിടെ മോഷണം നടന്നിരിക്കുന്നത്. ഇബ്രാഹീമിന്റെ മകന്‍ ഗള്‍ഫില്‍ നിന്നും ഒരു മാസം മുന്‍പാണ് അവധിക്ക് എത്തിയത്. വീട്ടില്‍ നിന്ന് രേഖകളും പണവും ഉള്‍പ്പടെ നഷ്ടമായി. സംഭവത്തില്‍ മേപ്പാടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ബെയ്‌ലി പാലത്തിന് മൂന്ന് കെട്ടിടങ്ങള്‍ക്ക് അപ്പുറത്തുള്ള വീട്ടില്‍ ഉച്ചയ്ക്ക് ശേഷമാണ് മോഷണം നടന്നത്. ഇബ്രാഹിമും കുടുംബവും ഉരുള്‍പൊട്ടലിന് ശേഷം മാറിതാമസിക്കുകയായിരുന്നു. വളര്‍ത്തുമൃഗങ്ങള്‍ക്ക് ഭക്ഷണം കൊടുക്കുന്നതിനായി ഇബ്രാഹിം ദിവസവും അടച്ചിട്ട വീട്ടിലെത്തുമായിരുന്നു. ഇന്ന് വൈകീട്ട് എത്തിയപ്പോഴാണ് വീടിന്റെ മുന്‍വശത്തെ വാതിലും മുറികളുടെ വാതിലും കുത്തിത്തുറന്നതായി ശ്രദ്ധിച്ചത്.

അലമാരയും കുത്തിത്തുറന്ന നിലയിലായിരുന്നു. ചൂരല്‍മലയിലെ പല വീടുകളിലും ഇത്തരം മോഷണശ്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി പൊലീസ് പറയുന്നു. മൊഴി കൊടുക്കാന്‍ ആരുമില്ലാത്തതിനാല്‍ പല കേസുകളിലും എഫ്‌ഐആറിടാന്‍ സാധിച്ചിരുന്നില്ല. ഇബ്രാഹിമിന്റെ വീട്ടില്‍ നിന്നും തുച്ഛമായ തുകയാണ് മോഷണം പോയതെന്നും പൊലീസ് അറിയിച്ചു.