Kerala

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് പൈസ കൊടുക്കരുതെന്ന് ഫേസ്ബുക്ക് പോസ്റ്റ്; ശ്രീജിത്ത് പന്തളത്തിനെതിരെ കേസ്

Spread the love

വയനാട് ഉരുള്‍പൊട്ടലില്‍ സര്‍വവും നഷ്ടപ്പെട്ടവര്‍ക്കുള്ള സഹായം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വഴി നല്‍കരുതെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തിയ സംഘപരിവാര്‍ പ്രവര്‍ത്തകന്‍ ശ്രീജിത്ത് പന്തളത്തിനെതിരെ പൊലീസ് കേസെടുത്തു. പന്തളം കുളനട സ്വദേശിയായ ശ്രീജിത്തിനെതിരെ പന്തളം പൊലീസാണ് കേസെടുത്തിരിക്കുന്നത്. ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് പൈസ കൊടുക്കരുതെന്നും അതില്‍ വ്യാപക അഴിമതി നടക്കുന്നുണ്ടെന്നും ശ്രീജിത്ത് ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞിരുന്നു. ദുരന്തബാധിതരെ സഹായിക്കേണ്ടവര്‍ നേരിട്ട് സഹായം കൈമാറുകയോ സേവാഭാരതി ഉള്‍പ്പെടെയുള്ള സംഘടനകളെ സഹായം ഏല്‍പ്പിക്കുകയോ ചെയ്യണമെന്നായിരുന്നു പോസ്റ്റ്. ഇത് വ്യാപകമായി ശ്രദ്ധ നേടിയതിന് പിന്നാലെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

ദുരിതാശ്വാസനിധിയിലേക്ക് പണം നല്‍കരുതെന്ന് പ്രചാരണം നടത്തിയതുമായി ബന്ധപ്പെട്ട് നിരവധി പേര്‍ക്കെതിരെ സംസ്ഥാന വ്യാപകമായി 14 എഫ്.ഐ.ആറുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യണമെന്ന അഭ്യര്‍ത്ഥനയ്‌ക്കെതിരെ പ്രചാരണം നടത്തിയതിനാണ് എഫ് ഐ ആര്‍.194 പോസ്റ്റുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ കണ്ടെത്തുകയും അവ നീക്കം ചെയ്യുന്നതിന് സാമൂഹ്യമാധ്യമങ്ങള്‍ക്ക് നിയമപ്രകാരമുള്ള നോട്ടീസ് നല്‍കുകയും ചെയ്തു.

തിരുവനന്തപുരം സിറ്റിയില്‍ നാലും എറണാകുളം സിറ്റിയിലും പാലക്കാടും രണ്ടു വീതവും കൊല്ലം സിറ്റി, എറണാകുളം റൂറല്‍, തൃശൂര്‍ സിറ്റി, മലപ്പുറം, വയനാട്, തിരുവനന്തപുരം റൂറല്‍ എന്നിവിടങ്ങളില്‍ ഒന്നു വീതവും കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരെയുള്ള വ്യാജപ്രചാരണങ്ങള്‍ നിരീക്ഷിക്കുന്നതിന് സാമൂഹ്യമാധ്യമങ്ങളില്‍ സൈബര്‍ പോലീസിന്റെ പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്.