Friday, December 27, 2024
Latest:
Wayanad

രാഹുൽ ​ഗാന്ധിയും പ്രിയങ്ക​ ഗാന്ധിയും വയനാട്ടിലെത്തി; ദുരിതബാധിതരെ സന്ദര്‍ശിക്കും

Spread the love

വയനാട്: പ്രതിപക്ഷ നേതാവും മുന്‍ വയനാട് എംപിയുമായ രാഹുല്‍ ​ഗാന്ധിയും പ്രിയങ്ക ​ഗാന്ധിയും വയനാട്ടിലെത്തി. കെ സി വേണുഗോപാലും വി ‍ഡി സതീശനും ഒപ്പമുണ്ട്. ഉരുൾ പൊട്ടൽ നാശം വിതച്ച മേഖലകളിലെ ദുരിതാശ്വാസ ക്യാമ്പുകളും ചികിത്സയിലുള്ളവരെയും രാഹുല്‍ ​ഗാന്ധിയും പ്രിയങ്ക ​ഗാന്ധിയും സന്ദർശിക്കും. ജൂലൈ 31 ബുധനാഴ്ച രാഹുലും പ്രിയങ്കയും വയനാട്ടിലെത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ പ്രതികൂലമായ കാലാവസ്ഥ കാരണം വയനാട്ടിൽ ഹെലികോപ്റ്റർ ഇറക്കാൻ സാധിക്കില്ല എന്ന് അധികൃതർ അറിയിച്ചതിനെ തുടർന്ന് യാത്ര മാറ്റിവയ്ക്കുകയായിരുന്നു.

അതിനിടെ, കേരളത്തിന്റെ നെഞ്ച് തകർത്ത മുണ്ടക്കൈ ദുരന്തത്തിൽ മരണ സംഖ്യ 281 ആയി ഉയർന്നു. 240 പേരെ ഇനിയും കണ്ടെത്തനായില്ല. കനത്ത മഴ രക്ഷാപ്രവർത്തനം ദുഷ്കരമാക്കിയെങ്കിലും രാവിലെ കാലാവസ്ഥ തെളിഞ്ഞതോടെ രക്ഷാപ്രവർത്തനം ഊർജിതമാക്കി. ബെയ്‌ലി പാലം നിർമാണം എത്രയും വേഗം പൂർത്തിയാക്കാന്‍ ശ്രമിക്കുകയാണ് സൈന്യം. നിലവിൽ പാലത്തിന്റെ നിർമാണം അവസാനഘട്ടത്തിലാണ്. ഇന്ന് ഉച്ചയ്ക്ക് പാലത്തിന്‍റെ നിർമ്മാണം പൂർത്തിയാക്കാനാകുമെന്നാണ് സൈന്യത്തിന്‍റെ പ്രതീക്ഷ. ജില്ലയിൽ അതിതീവ്ര മഴ പെയ്യാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്‍റെ സാഹചര്യത്തിൽ വീണ്ടും ഉരുൾപൊട്ടൽ സാധ്യയുണ്ടെന്ന ജാഗ്രതാ നിർദ്ദേശവുമുണ്ട്.