മുണ്ടക്കൈ മേഖലയില്‍ വീണ്ടും മഴ; അടുത്ത മൂന്ന് മണിക്കൂറില്‍ വയനാട് ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യത
അടുത്ത മൂന്ന് മണിക്കൂറില്‍ വയനാട് ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ജില്ലയില്‍ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു. ചൂരല്‍മല , മുണ്ടക്കൈ മേഖലയില്‍ വീണ്ടും മഴ പെയ്തുകൊണ്ടിരിക്കുകയാണ്. മഴ പെയ്യുന്നുണ്ടെങ്കിലും ചൂരല്‍മലയില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടന്നുവരികയാണ്.
സംസ്ഥാനത്ത് മൂന്നുദിവസം കൂടി ശക്തമായ മഴ തുടരാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് വ്യാപകമായി ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. വടക്കന്‍ കേരളത്തില്‍ മഴ കനത്തേക്കും. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 12 ജില്ലകളില്‍ മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
വയനാട് ദുരന്തത്തില്‍ മരണം 175 ആയി ഉയര്‍ന്നു. കേരള ചരിത്രത്തിലെ ഏറ്റവും വലിയ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ 175 മരണങ്ങളാണ് ഇതുവരെ സ്ഥിരീകരിച്ചിരിക്കുന്നത്. ആദ്യ ദിനം മോശം കാലാവസ്ഥ മൂലം താല്‍ക്കാലികമായി നിര്‍ത്തിവച്ച രക്ഷാദൗത്യം അതിരാവിലെ തുടങ്ങിയിരുന്നു. ബന്ധുക്കള്‍ ആരോഗ്യസ്ഥാപനങ്ങളില്‍ അറിയിച്ച കണക്കുകള്‍ പ്രകാരം ഇനിയും 227 പേരെ കാണ്മാനില്ല. അവരെ കണ്ടെത്താനുള്ള പ്രവര്‍ത്തനങ്ങളാണ് ഇന്ന് നടന്നുവരുന്നത്.