Sunday, December 29, 2024
Kerala

വയനാട് ദുരന്തം: ഇന്ന് അടിയന്തര മന്ത്രിസഭാ യോ​ഗം; വിഷയം അടിയന്തര പ്രമേയമായി പാർലമെന്റിൽ ഉന്നയിക്കാൻ ഇന്ത്യാ മുന്നണി

Spread the love

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ അടിയന്തര മന്ത്രിസഭാ യോഗം ഇന്ന്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ രാവിലെ 9.30 ന് ഓൺലൈനായാണ് യോഗം ചേരുക. മന്ത്രിസഭാ യോഗത്തിന് ശേഷം ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം ചേരും. തുടർന്ന് മുഖ്യമന്ത്രി വൈകുന്നേരത്തോടെ കോഴിക്കോട്ടെത്തും. സ്ഥിതി ഗതികൾ വിലയിരുത്താൻ നാളെയോടെ മുഖ്യമന്ത്രി വയനാട്ടിൽ എത്തും.

അതോടൊപ്പം പാർലമെന്റിൽ ഇന്നും വയനാട് ദുരന്തം ഇന്ത്യ മുന്നണി പാർട്ടികൾ ഉന്നയിക്കും. ലോക്സഭയിലും രാജ്യസഭയിലും അടിയന്തര പ്രമേയമായി വിഷയം ഉന്നയിക്കാനാണ് തീരുമാനം. സമയബന്ധിതമായ രക്ഷാപ്രവർത്തനം, ദുരന്തത്തിന്റെ ഇരകൾക്ക് ഉചിതമായ നഷ്ടപരിഹാരം, മേഖലയിലെ പുനർനിർമാണത്തിന് ധനസഹായം തുടങ്ങിയ ആവശ്യങ്ങളാകും അടിയന്തരപ്രമേയം വഴി സഭയിൽ ഉന്നയിക്കുക. അതേസമയം വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് സാധ്യമായ എല്ലാ സഹായവും ലഭ്യമാക്കും എന്ന നിലപാട് കേന്ദ്രസർക്കാർ ആവർത്തിച്ചു.

അതിനിടെ വയനാട്ടിലേക്ക് പുറപ്പെട്ട ആരോ​ഗ്യമന്ത്രി വീണാ ജോർജിന്റെ വാഹനം അപകടത്തിൽ‌പ്പെട്ടു. മഞ്ചേരിയിൽ വച്ചാണ് അപകടമുണ്ടായത്. മഞ്ചേരിയിൽ വച്ച് രണ്ട് ബൈക്കുകളും മന്ത്രിയുടെ വാഹനവും കൂട്ടിയിടിച്ചു. മന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈക്കിൽ ഉണ്ടായിരുന്നവരെയും ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് 7.30ഓടെയാണ് അപകടമുണ്ടായത്.