Wayanad

സമാനതകളില്ലാത്ത രക്ഷാദൗത്യം; കുഞ്ഞുങ്ങളെ മുറുകെപ്പിടിച്ച് റോപ്പിലൂടെ അതീവശ്രദ്ധയോടെ നീങ്ങി രക്ഷാപ്രവർത്തകർ; നെഞ്ചിടിപ്പോടെ രക്ഷാകരം കാത്ത് നിരവധിപേർ

Spread the love

ചൂരൽമലയിൽ ഒറ്റപ്പെട്ടുപോയവരെ രക്ഷിക്കാൻ സമാനതകളില്ലാത്ത രക്ഷാദൗത്യവുമായി സൈന്യം. പുഴയ്ക്ക് കുറുകെ വടംകെട്ടി ആളുകളെ ഓരോരുത്തരെയായി സൈന്യം പുറത്തെത്തിച്ചുവരികയാണ്. നൂറിലധികം പേരാണ് രക്ഷാകരത്തിനായി കാത്തുനിൽക്കുന്നത്. ഇതിൽ സ്ത്രീകളും കുട്ടികളുമുണ്ട്. കണ്ണൂരിൽ നിന്നെത്തിയ സൈനികരുടെ 50 അം​ഗ സംഘമാണ് രക്ഷാദൗത്യത്തിന് നേതൃത്വം നൽകുന്നത്. ഇരുട്ട് വീഴുന്നതിന് മുൻപ് പരമാവധി പേരെ ഇക്കരയിൽ എത്തിക്കാൻ ധൃതിപിടിച്ച നീക്കങ്ങൾ സൈന്യം നടത്തിവരികയാണ്.

രക്ഷാദൗത്യത്തിന് ഇരുട്ട് തടസമാകാതിരിക്കാൻ പ്രദേശത്തേക്ക് കൂടുതൽ ലൈറ്റുകൾ എത്തിച്ചുവരികയാണ്. പ്രദേശത്ത് ഒരു താത്ക്കാലിക പാലം നിർമിക്കാനുള്ള സാധ്യതയും രക്ഷാപ്രവർത്തകർ തേടുന്നുണ്ട്. പിഞ്ചുകുഞ്ഞുങ്ങളെ തുണികൊണ്ട് പൊതിഞ്ഞ് കൂടകളിലാക്കി രക്ഷാപ്രവർത്തകർ അതെടുത്ത് അതീവശ്രദ്ധയോടെ റോപ്പിലൂടെ സുരക്ഷിത സ്ഥാനത്തെത്തുകയാണ്.

രക്ഷാപ്രവര്‍ത്തനത്തിന് ചൂരല്‍മലയിലെ കടുത്ത മൂടല്‍മഞ്ഞ് വെല്ലുവിളി ഉയർത്തുന്നുണ്ട്. അതേസമയം ഉരുൾപൊട്ടലിൽ മരണം 93 ആയി. ദൗത്യത്തിന് ഡിങ്കി ബോട്ട് കൂടി ഇറക്കാൻ ശ്രമം നടക്കുകയാണ്.

ചൂരൽമലയിലെ പത്താം വാർഡായ അട്ടൽമലയിലെ രക്ഷാപ്രവർത്തനം അതീവ ദുഷ്കരമാണെന്ന് സൈന്യം അറിയിച്ചു. ചൂരൽമലയും പത്താം വാർഡും തമ്മിൽ ബന്ധിപ്പിക്കുന്ന പാലം ഒലിച്ച് പോയതിനാൽ അങ്ങോട്ട് കടക്കുക ദുഷ്കരമാണ്. 5 സൈനികർ കയർ കെട്ടി പത്താം വാർഡിലേക്ക് കടന്നെങ്കിലും കൂടുതൽ പേരെ എത്തിക്കാനുള്ള കയർ അടക്കമുള്ള സൗകര്യങ്ങൾ ഇല്ലെന്ന് സൈന്യം അറിയിച്ചു.