Kerala

‘ജെ. പി. നദ്ദ വിളിച്ച് എല്ലാ സഹായങ്ങളും ഉറപ്പുവരുത്തുമെന്ന് അറിയിച്ചു, ബിജെപി പ്രവർത്തകർ എല്ലാ സേവനങ്ങളും ഉറപ്പുവരുത്തണം’: കെ സുരേന്ദ്രൻ

Spread the love

നാടിനെ നടുക്കിയ ദുരന്തമാണ് വയനാട് ചൂരൽ മലയിൽ നടന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഉരുൾപൊട്ടലിൽ നിരവധിയാളുകളാണ് മരണപ്പെട്ടത്. നിരവധി പേരെ കാണാനില്ല. ബി. ജെ. പി ദേശീയ അദ്ധ്യക്ഷൻ ജെ. പി. നദ്ദ വിളിച്ച് ദുരന്തമേഖലയിൽ ആവശ്യമായ സഹായങ്ങളും നടപടികളും ഉറപ്പുവരുത്തുമെന്ന് അറിയിച്ചുവെന്നും കെ സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു. പാർട്ടി പ്രവർത്തകർ കഴിയാവുന്ന എല്ലാവിധ സഹായങ്ങളും സേവനങ്ങളും ഉറപ്പുവരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടുവെന്നും കെ സുരേന്ദ്രൻ അറിയിച്ചു.

അതേസമയം വയനാട് ഉരുൾപെട്ടലിൽ അകപ്പെട്ടവരെ രക്ഷിക്കുന്നതിനായി കാലാവസ്ഥ വെല്ലുവിളി സൃഷ്ടിക്കുന്നുവെന്ന് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. 24 മണിക്കൂർ കൂടി മഴ ശക്തമാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ദുരന്തമുഖത്ത് എത്തിപെടാൻ ബുദ്ധിമുട്ടാണ്. ഉണ്ടായിരുന്ന ഏക പാലം ഒലിച്ചുപോയി. പ്രധാനമന്ത്രിയെ വിവരം അറിയിച്ചു, പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

രക്ഷാപ്രവർ‌ത്തകർക്ക് പോലും ഇത് വെല്ലുവിളി ഉയർത്തുന്നുണ്ട്. സംസ്ഥാന സർക്കാരുമായി ചേർന്ന് കേന്ദ്രസംഘം പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്ര​ദേശവാസികളുടെ ഇടപെടലും രക്ഷാപ്രവർ‌ത്തനത്തിൽ നിർണായാകമാണെന്നും അവരുടെ ഏകോപനവും രക്ഷാപ്രവർത്തകർക്ക് സഹായമേകുന്നുണ്ട്. രണ്ട് ഹെലികോപ്റ്ററുകൾ പുറപ്പെടാനൊരുങ്ങുന്നുണ്ടെന്നും എന്നാൽ ലാൻഡ് ചെയ്യാൻ കാലാവസ്ഥ പ്രതികൂലമാണെന്നും അദ്ദേഹം കൂട്ടിച്ചേർ‌ത്തു.