National

രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന: കമ്പനികൾക്കടക്കം 3967 കോടിയുടെ നികുതി ഇളവ്; കണക്ക് 2022-23 കാലത്തേത്

Spread the love

രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകിയ വ്യക്തികൾ-സ്ഥാപനങ്ങൾ-കോർപറേറ്റ് കമ്പനികൾക്കുമായി കേന്ദ്രം നൽകിയത് 3967.54 കോടി രൂപയുടെ നികുതിയിളവ്. 2022-23 സാമ്പത്തിക വർഷത്തെ കണക്കാണ് പുറത്തുവന്നത്. കേന്ദ്ര ബജറ്റിൽ നിർമല സീതാരാമനാണ് ഇക്കാര്യം വ്യക്തമാക്കിയത്.

2021-22 സാമ്പത്തിക വർഷത്തിൽ 3516.47 കോടി രൂപയാണ് നികുതി ഇളവ് നൽകിയത്. ഇതിനെ അപേക്ഷിച്ച് 2022-23 കാലത്ത് 13 ശതമാനം വർധനവാണ് നികുതി ഇളവിൽ രേഖപ്പെടുത്തിയത്. മോദി സർക്കാർ അധികാരമേറ്റ 2014 മുതൽ 2023 വരെയുള്ള ഒൻപത് വർഷങ്ങളിൽ രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകിയ ഇനത്തിൽ അനുവദിച്ച നികുതി ഇളവ് മാത്രം 12270.19 കോടി രൂപയാണ്. 2023-24 കാലത്തെ കണക്ക് ഇനിയും പുറത്തുവിട്ടിട്ടില്ല.

2014-15 കാലത്ത് കോർപറേറ്റ് കമ്പനികൾക്ക് 111.67 കോടി നികുതി ഇളവാണ് ലഭിച്ചത്. മറ്റ് സ്ഥാപനങ്ങൾക്ക് 13.8 കോടി രൂപയും വ്യക്തികകൾക്ക് 45.39 കോടി രൂപയും നികുതി ഇളവും ലഭിച്ചു. 2015-16 കാലത്ത് കോർപറേറ്റ് കമ്പനികൾക്ക് 13.9 കോടിയും മറ്റ് സ്ഥാപനങ്ങൾക്ക് നാല് കോടിയും വ്യക്തികൾക്ക് 66.1 കോടി രൂപയും നികുതി ഇളവ് ലഭിച്ചു. 2016-17 കാലത്ത് കമ്പനികൾക്ക് 103 കോടിയും സ്ഥാപനങ്ങൾക്ക് ആറ് കോടിയോളവും വ്യക്തികൾക്ക് 78 കോടി രൂപയും നികുതി ഇളവാണ് ലഭിച്ചത്.

2017-18 കാലത്ത് കമ്പനികൾക്ക് ലഭിച്ച നികുതി ഇളവ് 133.36 കോടിയായി. സ്ഥാപനങ്ങൾക്ക് 19.47 കോടിയും വ്യക്തികൾക്ക് 169.56 കോടിയും നികുതി ഇളവ് ലഭിച്ചു. തൊട്ടടുത്ത സാമ്പത്തിക വർഷത്തിൽ നികുതി ഇളവിൽ കുതിപ്പുണ്ടായി. കമ്പനികൾക്ക് 801.5 കോടിയും സ്ഥാപനങ്ങൾക്ക് 41 കകോടിയും വ്യക്തികൾക്ക് 402 കോടിയും നികുതി ഇളവ് ലഭിച്ചു. 2019-20 കാലത്ത് 1160 കോടിയാണ് കമ്പനികൾക്ക് മാത്രം അനുവദിച്ച നികുതി ഇളവ്. സ്ഥാപനങ്ങൾക്ക് 42.5 കോടി രൂപയും വ്യക്തികൾക്ക് 544.53 കോടി രൂപയും നികുതി ഇളവ് ലഭിച്ചു.

2020 -21 കാലത്ത് കമ്പനികൾക്ക് 256 കോടി മാത്രമാണ് നികുതി ഇളവ് ലഭിച്ചത്. 34.36 കോടി രൂപ സ്ഥാപനങ്ങൾക്കും 740 കോടി രൂപ വ്യക്തികൾക്കും നികുതി ഇളവ് ലഭിച്ചു. 2021-22 1775.46 കോടി രൂപ കമ്പനികൾക്കും സ്ഥാപനങ്ങൾക്ക് 90 കോടിയും വ്യക്തികൾക്ക് 1650 കോടി രൂപയും നികുതി ഇളവ് ലഭിച്ചു. 2022-23 കാലത്തെ കണക്കാണ് ലഭ്യമായതിൽ ഒടുവിലത്തേത്. ആ കാലത്ത് 2003 കോടി രൂപ കമ്പനികൾക്ക് മാത്രം നികുതി ഇളവ് ലഭിച്ചു. സ്ഥാപനങ്ങൾക്ക് 101.7 കോടി രൂപയും വ്യക്തികൾക്ക് 1863.38 കോടി രൂപയും നികുതി ഇളവ് നേടാനായി. ആദായ നികുതി നിയമം 1961 പ്രകാരം രാഷ്ട്രീയ പാർട്ടികൾക്ക് നൽകുന്ന സംഭാവനകളിലൂടെ നികുതി ഇളവ് നേടാനാവും.