Kerala

വയനാട്ടിലേക്ക് കരസേന, നാവികസേന, വ്യോമസേന സംഘം എത്തും’; കേന്ദ്രമന്ത്രി ജോർജ് കുര്യൻ

Spread the love

വയനാട്ടിലേക്ക് കരസേന, നാവികസേന, വ്യോമസേന സംഘം എത്തുമെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. പ്രധാനമന്ത്രിയുടെ ഓഫീസുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. ദക്ഷിണേന്ത്യയിലെ എല്ലാ സ്റ്റേഷനുകളിലും അലേർട്ട് നൽകിയിട്ടുണ്ട്. എൻ.ഡി.ആർ.എഫ് ടീമുകൾ കേരളത്തിന് പുറത്ത് നിന്നും എത്തും. എല്ലാ കേന്ദ്ര സേനകളോടും ഇടപെടാൻ നിർദേശിച്ചിട്ടുണ്ട്. കേന്ദ്രത്തിൻ്റെ പ്രതിനിധി വയനാട്ടിലേക്ക് ഉടനെത്തുമെന്നും ആരെന്ന് സംബന്ധിച്ചടക്കം ഉടൻ തീരുമാനം കൈക്കൊള്ളുമെന്നും അദ്ദേഹം പ്രതികരിച്ചു.

ഇതിനിടെ വയനാട് മേപ്പടിയിൽ ഉണ്ടായ ഉരുൾപൊട്ടലിന്റെ കൂടുതൽ വിവരങ്ങൾ പറയാറായിട്ടില്ല മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു. ആളുകൾക്ക് കൃത്യമായി ഇപ്പോഴും അവിടെ എത്തിപ്പെടാൻ കഴിഞ്ഞിട്ടില്ല.എയർ ഫോഴ്സ് ഉൾപ്പെടെ എല്ലാ സന്നാഹങ്ങളും അവിടേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഫലപ്രദമായി കാര്യങ്ങൾ നീക്കാൻ പറ്റുമെന്നാണ് കരുതുന്നത്. ഇപ്പോൾ കാര്യങ്ങൾ കൃത്യമായി പറയാൻ പറ്റാത്ത അവസ്ഥയുണ്ട്. കുറച്ചുകൂടി കഴിഞ്ഞാൽ ആണ് കാര്യങ്ങളെല്ലാം വ്യക്തമാവുകയുള്ളൂ. പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും വിളിച്ചുവെന്നും എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം മാധ്യങ്ങളോട് പ്രതികരിച്ചു.

അതിനിടെ വയനാട് മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിലുണ്ടായ ഉരുൾപൊട്ടലിൽ മരിച്ചവർക്ക് ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മരിച്ചവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്നാണ് ധനസഹായം.

അതേസമയം വയനാട്ടിൽ മരണസംഖ്യ ഉയരുകയാണ്. 19 മരണമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എൻഡിആർഎഫ് സംഘം രക്ഷാദൗത്യത്തിനായി മുണ്ടക്കൈയിൽ എത്തി. സൈന്യം കോഴിക്കോട് നിന്ന് തിരിച്ചു. രക്ഷാപ്രവർത്തനത്തിന് കൂടുതൽ പോലീസ് എത്തും. സൈന്യവും വയനാട്ടിലേക്ക് എത്തുന്നുണ്ട്. ചൂരൽമലയിൽ നിന്ന് മുണ്ടക്കൈ ഭാഗത്തേക്കുള്ള പാലം ഒലിച്ചു പോയതിനാൽ അവിടേക്ക് എത്തിപ്പെടാൻ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്.