Kerala

വഞ്ചിയൂർ എയര്‍ഗൺ ആക്രമണം; വ്യക്തി വൈരാഗ്യം തന്നെയെന്ന നിഗമനത്തിൽ പൊലീസ്, വിവിധ സംഘങ്ങളായി അന്വേഷണം

Spread the love

തിരുവനന്തപുരം: തിരുവനന്തപുരത്ത് വഞ്ചൂരിയൂരിൽ എയര്‍ഗൺ ഉപയോഗിച്ചുള്ള ആക്രമണത്തിന് കാരണം വെടിയേറ്റ ഷിനിയോടോ, കുടുംബത്തോടോ ഉള്ള വ്യക്തി വൈരാഗ്യം തന്നെയെന്ന നിഗമനത്തിൽ പൊലീസ്. ഞായറാഴ്ച രാവിലെ ആക്രമണത്തിനായി തെരെഞ്ഞെടുത്തതും ആർക്കോ വ്യക്തമായ സൂചന നൽകാൻ വേണ്ടിയാകുമെന്നാണ് നിഗമനം. ആക്രമിച്ച സ്ത്രീ വഞ്ചിയൂരുളള വീടും പരിസരവും മനസിലാക്കാൻ മുമ്പ് എത്തിയിരുന്നതായും പൊലീസ് സംശയിക്കുന്നു. വെടിവച്ചതിന് ശേഷം അക്രമിയുടെ കാർ ആറ്റിങ്ങൽ ഭാഗത്തേക്കാണ് സഞ്ചരിച്ചിരിക്കുന്നത്. വ്യാജ നമ്പ‍ർ പ്ലേറ്റുപയോഗിച്ചാണ് ദേശീയപാത വഴിയും യത്ര ചെയ്തിരിക്കുന്നത്. പ്രതിയെ പിടികൂടാൻ വിവിധ സംഘങ്ങളായി തിരിഞ്ഞുള്ള അന്വേഷണമാണ് നടക്കുന്നത്.

അക്രമി സഞ്ചരിച്ച കാറിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചിരുന്നു. സില്‍വര്‍ നിറത്തിലുള്ള സെലേറിയോ കാറിലാണ് അക്രമി എത്തിയത്. വ്യാജ നമ്പര്‍ പതിപ്പിച്ച കാറിലാണ് അക്രമി എത്തിയതെന്നും പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. അക്രമി എത്തിയ കാറില്‍ പതിച്ചിരുന്ന നമ്പര്‍ സ്വിഫ്റ്റ് കാറിന്‍റേതാണെന്നും കണ്ടെത്തിയിട്ടുണ്ട്. പറണ്ടോട് സ്വദേശിയുടെ സ്വിഫ്റ്റ് കാര്‍ മാസങ്ങള്‍ക്ക് മുമ്പാണ് കോഴിക്കോടേക്ക് വിറ്റത്. ഈ കാറിന്‍റെ നമ്പര്‍ ആണ് അക്രമി സഞ്ചരിച്ച കാറില്‍ പതിച്ചിരുന്നത്. സിസിടിവി ദൃശ്യങ്ങളുടെയും വീട്ടുകാരുടെ മൊഴിയുടെയും അടിസ്ഥാനത്തിലാണ് പ്രതിക്കായുള്ള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കിയിരിക്കുന്നത്.

കൊറിയര്‍ നൽകാനെന്ന പേരിൽ എത്തിയ മറ്റൊരു സ്ത്രീയാണ് വെടിയുതിര്‍ത്തതെന്നാണ് മൊഴി. കൈവെള്ളക്ക് പരിക്കേറ്റ ചെമ്പകശ്ശേരി സ്വദേശി ഷിനി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ രാവിലെ എട്ടരയോടെയാണ് സംഭവം. കോളിംഗ് ബെല്ലു കേട്ട് ഷിനിയുടെ ഭര്‍ത്താവിന്‍റെ അച്ഛനാണ് വാതില്‍ തുറന്ന് പുറത്തെത്തിയത്. രജിസ്ട്രേഡ് കൊറിയര്‍ ഉണ്ടെന്നും ഷിനി തന്നെ ഒപ്പിട്ട് വാങ്ങണമെന്നുമായിരുന്നു വന്നയാളുടെ ആവശ്യം. പേനയെടുക്കാൻ അച്ഛൻ വീട്ടിനകത്ത് കയറിയതിനിടെ പുറത്തേക്ക് വന്ന ഷിനിയുടെ പേര് ചോദിച്ച് ഉറപ്പാക്കിയാണ് വെടിയുതിര്‍ത്തത്. ഒരെണ്ണം കയ്യിൽ കൊണ്ടു ബാക്കി രണ്ടെണ്ണം തറയിലുമാണ് പതിച്ചു.

നാഷണൽ ഹെൽത്ത് മിഷൻ പിആര്‍ഒ ആണ് ഷിനി. ആരാണ് വന്നതെന്നോ എന്തുദ്ദേശത്തിലായിരുന്നു അതിക്രമമെന്നോ അറിയില്ലെന്നാണ് കുടുംബം ആവര്‍ത്തിക്കുന്നത്. സിറ്റി പൊലീസ് കമ്മീഷണര്‍ അടക്കം സ്ഥലത്തെത്തി സാഹചര്യം വിലയിരുത്തി. കൈക്ക് നിസ്സാര പരിക്ക് മാത്രമാണ് ഷിനിക്ക് ഉള്ളത്. വിശദമായ മൊഴിയെടുത്ത് അന്വേഷണം നടത്തും.