National

ഷിരൂരിൽ രക്ഷാദൗത്യം തുടങ്ങുന്നത് വൈകും; പുഴയിലെ മണ്ണ് നീക്കം ചെയ്യാൻ ആലോചന

Spread the love

ഷിരൂരിൽ താത്കാലികമായി അവസാനിപ്പിച്ച രക്ഷാദൗത്യം പുനരാരംഭിക്കുന്നത് വൈകും. പുഴയിലെ മണ്ണ് നീക്കം ചെയ്യാൻ തൃശൂരിൽ നിന്ന് ആഗ്രോ ഡ്രഡ്ജ് ക്രാഫ്റ്റ് മെഷീന്‍ എത്തിക്കാനാണ് നീക്കം. എന്നാൽ യന്ത്രം എപ്പോൾ എത്തുമെന്നതിൽ നിലവിൽ വ്യക്തത വന്നിട്ടില്ല. തെരച്ചിൽ പുനരാരംഭിക്കാൻ കേരളം സമ്മർദ്ദം ശക്തമാക്കും. കേരളത്തിൽ നിന്നുള്ള എം എൽ എമാർ ജില്ലാ കളക്ടറുമായി ഇന്ന് വീണ്ടും കൂടിക്കാഴ്ച്ച നടത്തും. തെരച്ചിൽ അവസാനിപ്പിച്ചതോടെ ദേശീയപാതയിൽ ഉടൻ ഗതാഗതം പുനസ്ഥാപിക്കും. വരുന്ന 21 ദിവസം മഴ പ്രവചിച്ചത്തിനാലാണ് കാലാവസ്ഥ അനുകൂലമായൽ മാത്രം തെരച്ചിൽ നടത്താനുള്ള നീക്കം.

അർജനായുള്ള തെരച്ചിൽ നിർത്തരുതെന്ന് അർജുൻ്റെ കുടുംബം ഇന്നലെ പ്രതികരിച്ചിരുന്നു. ഒരു കാരണവശാലും തെരച്ചിൽ നിർത്തരുതെന്ന് അർജുന്റെ സഹോദരി അഞ്ജു മാധ്യമങ്ങളോട് പറഞ്ഞു. ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് തെരച്ചിൽ തുടരണം. പെട്ടെന്ന് തെരച്ചിൽ നിർത്തുക എന്നത് ഉൾക്കൊള്ളാൻ പറ്റുന്നില്ല. സംസ്ഥാന സർക്കാരും കർണാടക സർക്കാരും ഒരുപാട് സഹായിച്ചിട്ടുണ്ടെന്നും സഹോദരി പറഞ്ഞു.

കേരളത്തില്‍ നിന്ന് യന്ത്രം എത്തിച്ച് അത് പുഴയിലിറക്കാന്‍ സാധിക്കുമോ എന്ന് പരിശോധിച്ചതിന് ശേഷം മാത്രമായിരിക്കും തെരച്ചില്‍ വീണ്ടും ആരംഭിക്കുക. കാലാവസ്ഥ പൂര്‍ണ്ണമായി മാറി, തെളിഞ്ഞുനിന്നാല്‍ മാത്രമേ തെരച്ചില്‍ നടത്താന്‍ സാധിക്കൂ എന്നാണ് കാര്‍വാര്‍ എംഎല്‍എയുടെ വിശദീകരണം. എന്നാല്‍ 21ാം തീയതി വരെ ഇവിടെ മഴ പ്രവചനമുണ്ട്. ഇതുവരെയുള്ള 13 ദിവസങ്ങളില്‍ സാധ്യമായതെല്ലാം ചെയ്തു എന്നാണ് എംഎല്‍എ പറയുന്നത്.