മണിപ്പൂർ കലാപം തുടങ്ങിയ ശേഷം ആദ്യമായി മുഖ്യമന്ത്രി ബിരേൻ സിങിനെ പ്രധാനമന്ത്രി നേരിൽ കണ്ട് ചർച്ച നടത്തി; ഫോട്ടോ എവിടെയെന്ന് കോൺഗ്രസ്
മണിപ്പൂരിൽ കലാപം തുടങ്ങിയ ശേഷം ആദ്യമായി മുഖ്യമന്ത്രി ബിരേൻ സിങും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കൂടിക്കാഴ്ച നടത്തി. ഞായറാഴ്ച വൈകിട്ട് ഡൽഹിയിൽ വെച്ചാണ് കൂടിക്കാഴ്ച നടന്നത്. മണിപ്പൂരിലെ സ്ഥിതി യോഗത്തിൽ ചർച്ചയായി. സംസ്ഥാനത്ത് ഗവർണർ സ്ഥാനത്ത് നിന്ന് അനുസൂയ യൂകെയെ മാറ്റി പകരം അസം ഗവർണർ ലക്ഷ്‌മൺ പ്രസാദ് ആചാര്യക്ക് ചുമതല നൽകിയ ശേഷമാണ് കൂടിക്കാഴ്ച നടന്നത്. എന്നാൽ കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ പുറത്തുവിടാത്തതിനെ വിമർശിച്ച് കോൺഗ്രസ് രംഗത്ത് വന്നു.
സംസ്ഥാനത്ത് 2023 മെയ് മാസത്തിലാണ് സംഘർഷം തുടങ്ങിയത്. അതിന് ശേഷം പലപ്പോഴായി ഡൽഹിയിലെത്തിയ മുഖ്യമന്ത്രി ബിരേൻ സിങ് ആകെ കണ്ടത് ആഭ്യന്തര മന്ത്രി അമിത് ഷായെ മാത്രമായിരുന്നു. കലാപത്തിൽ സംസ്ഥാനത്ത് ഇതുവരെ 200 ലേറെ പേർ കൊല്ലപ്പെട്ടുവെന്നും 60000ത്തിൽ പരം ആളുകൾ കുടിയൊഴിക്കപ്പെട്ടുവെന്നുമാണ് കണക്ക്.
സംസ്ഥാനത്ത് ഇംഫാൽ താഴ്‌വരയിൽ താമസിച്ചിരുന്ന മെയ്തെയ് വിഭാഗക്കാരും സമീപത്തെ മലമേഖലകളിൽ താമസിച്ചിരുന്ന കുകി-സൊ വിഭാഗക്കാരും തമ്മിലാണ് സംഘർഷം ഉടലെടുത്തത്. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ സംസ്ഥാനത്ത് ഉന്നത തല യോഗം വിളിച്ച് അമിത് ഷാ സ്ഥിതി വിലയിരുത്തിയിരുന്നു. ആഭ്യന്തര മന്ത്രാലയത്തിൽ നിന്നും സൈന്യത്തിൽ നിന്നും മണിപ്പൂർ സംസ്ഥാനത്തെ പ്രതിനിധീകരിച്ചും നിരവധി ഉദ്യോഗസ്ഥരും ജനപ്രതിനിധികളും യോഗത്തിൽ പങ്കെടുത്തിരുന്നു.
എന്നാൽ ഇതുവരെ സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കാൻ സാധിച്ചിട്ടില്ല. വിഷയത്തിൽ ഉടൻ പരിഹാരം കാണണമെന്ന് ആർഎസ്എസ് നിലപാടെടുത്തിരുന്നു. പ്രതിപക്ഷം മണിപ്പൂർ വിഷയം വലിയ തോതിൽ കേന്ദ്രസർക്കാരിനെതിരെ ആയുധമാക്കുകയും പാർലമെൻ്റിൽ ദിവസങ്ങളോളം പ്രതിഷേധിക്കുകയും ചെയ്തിരുന്നു.
എന്നാൽ മണിപ്പൂർ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ പുറത്ത് വന്നിട്ടില്ല. ഇത് ചോദ്യം ചെയ്ത് കോൺഗ്രസ് നേതാവ് ജയ്റാം രമേശ് രംഗത്ത് വന്നു. ഇത്തരത്തിൽ എന്ത് യോഗം നടന്നാലും സമൂഹ മാധ്യമമായ എക്സിൽ പ്രധാനമന്ത്രി ചിത്രം പങ്കുവെക്കുന്നതാണെന്നും എന്നാൽ ഇവിടെ എന്താണ് ചിത്രം പുറത്തുവിടാത്തതെന്നും അദ്ദേഹം ചോദിച്ചു. സത്യത്തിൽ യോഗം നടന്നെന്ന വാർത്തകൾ ശരിയാണോയെന്നും അദ്ദേഹം തൻ്റെ എക്സ് പ്രൊഫൈലിൽ കുറിച്ചു.