കൊല്ലം ഓയൂരിൽ കുട്ടിയ തട്ടിക്കൊണ്ടുപോയ കേസ്; മൂന്നാം പ്രതി അനുപമയ്ക്ക് ജാമ്യം
കൊല്ലം ഓയൂരിൽ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ മൂന്നാം പ്രതി അനുപമയ്ക്ക് ജാമ്യം. കർശന വ്യവസ്ഥകളോടെയാണ് 22കാരിക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. പെൺകുട്ടിയുടെ പ്രായം പരിഗണിച്ചാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ബാംഗ്ലൂരിൽ എൽഎൽബിയ്ക്ക് പഠിക്കണം എന്ന് പെൺകുട്ടി ആവശ്യപ്പെട്ടു.
കൊല്ലം ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്കുണ്ട്. സാക്ഷികളെ സ്വാധീനിക്കരുതെന്നും രണ്ടാെഴ്ച കൂടുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്നും നിർദേശമുണ്ട്. കേസിൽ അനുപമയുടെ പിതാവ് പത്മകുമാറാണ് ഒന്നാം പ്രതി. മാതാവ് ഭാര്യ എം.ആർ.അനിതാകുമാരിയാണ് രണ്ടാം പ്രതി. കുട്ടിയെ ഒളിപ്പിക്കുന്നതിനടക്കം അനുപമയ്ക്ക് പങ്കുണ്ടായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
കഴിഞ്ഞവർഷം നവംബറിലായിരുന്നു കേസിനാസ്പദമായ സംഭവവം നടന്നത്. കഴിഞ്ഞ നവംബർ അവസാനമാണ് ആറു വയസ്സുകാരിയെ കാറിൽ തട്ടിക്കൊണ്ടു പോയത്. ഒരു ദിവസത്തിന് ശേഷം കുഞ്ഞിനെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിക്കുകയുമായിരുന്നു. പ്രതികളെ ഡിസംബർ ഒന്നിനാണ് പിടികൂടിയത്. കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. സാമ്പത്തിക ബാധ്യത മറികടക്കാൻ വേണ്ടിയാണ് പ്രതികൾ കുറ്റകൃത്യം നടത്തിയത്. അമ്മ അനിതകുമാരിക്കൊപ്പം അട്ടക്കുളങ്ങര വനിത ജയിലിലാണ് അനുപമ. അച്ഛൻ പത്മകുമാർ പൂജപ്പുര സെൻട്രൽ ജയിലിലാണ്.