Sports

നീന്തൽകുളത്തിലെ നൂറ്റാണ്ടിന്‍റെ പോരാട്ടം ജയിച്ച് സ്വര്‍ണമണിഞ്ഞ് അരിയാൻ ടിറ്റ്മസ്

Spread the love

പാരീസ്: നീന്തൽകുളത്തിലെ നൂറ്റാണ്ടിന്‍റെ പോരാട്ടത്തിൽ ഒളിംപിക്സ് സ്വര്‍ണം നിലനി‌‍‍‌‌ർത്തി ഓസ്ട്രേലിയൻ താരം അരിയാൻ ടിറ്റ്മസ്. വനിതകളുടെ 400 മീറ്റർ ഫ്രീസ്റ്റൈൽ നീന്തലിലാണ് ടിറ്റ്മസ് സ്വർണമണിഞ്ഞത്. കാനഡയുടെ കൗമാരതാരം സമ്മർ മകിൻടോഷ് രണ്ടാമതെത്തി. അമേരിക്കൻ നീന്തൽ ഇതിഹാസം കേറ്റ് ലഡക്കി വെങ്കലം സ്വന്തമാക്കി.

400 മീറ്റർ ഫ്രീസ്റ്റൈലിലെ ലോക റെക്കോ‍ർഡ് ജേതാവ് കൂടിയായ ടിറ്റ്മസ് ടോക്കിയോ ഒളിംപിക്സിലും ഒന്നാമതെത്തിയിരുന്നു. പതിനേഴുകാരി സമ്മർ മകിൻടോഷിന്‍റെ ആദ്യ ഒളിംപിക്സ് മെഡലാണിത്. 2018നുശേഷം 400 മീറ്റര്‍ ഫ്രീ സ്റ്റൈല്‍ ഫൈനലില്‍ തോറ്റിട്ടില്ലെന്ന റെക്കോര്‍ഡ് നിലനിര്‍ത്താനും ജയത്തിലൂടെ ടിറ്റ്മസിനായി. ടോക്കിയോ ഒളിംപിക്സില്‍ നേടിയ സ്വര്‍ണം നിലനിര്‍ത്തിയതോടെ ഡോണ്‍ ഫ്രേസറിനുശേഷം നീന്തലില്‍ വ്യക്തിഗത ഇനത്തില്‍ സ്വര്‍ണം നിലനിര്‍ത്തുന്ന ആദ്യ ഓസ്ട്രേലിയന്‍ താരവുമായി ടിറ്റ്മസ്.

പുരുഷൻമാരുടെ 400 മീറ്റർ ഫ്രീ സ്റ്റൈലിൽ ജർമ്മനിയുടെ ലൂക്കാസ് മെർട്ടൻസ് സ്വർണ്ണവും ഓസ്ട്രേലിയയുടെ ഇലാജ വിന്നിംങ്ടണ്‍ വെളളിയും നേടി. തെക്കൻ കൊറിയ താരം കിം വൂമിനാണ് ഈ ഇനത്തിൽ വെങ്കലം. ഇതേ സമയം 4 ഗുണം 100 മീറ്റർ നീന്തൽ റിലേ പുരുഷൻ വിഭാഗത്തിൽ അമേരിക്കയും വനിതകളിൽ ഓസ്ട്രേലിയയും സ്വർ‍ണ്ണം ചൂടി. 2008ലെ ബെയ്ജിംഗ് ഒളിംപിക്സിനുശേഷം 4 ഗുണം 100 മീറ്റര്‍ റിലേയില്‍ ഓസ്ട്രേലിയ റിലേ സ്വര്‍ണം കൈവിട്ടിട്ടില്ല.