World

പോളണ്ടിൽ നിന്ന് ട്രെയിൻ മാർഗം കീവിലേക്ക്; പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത മാസം യുക്രെയിൻ സന്ദർശിച്ചേക്കും

Spread the love

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത മാസം യുക്രെയിൻ സന്ദർശിച്ചേക്കും. മോദിയുടെ റഷ്യൻ സന്ദർശനം പാശ്ചാത്യ രാജ്യങ്ങളിൽ വിമർശനത്തിനിടയാക്കിയ സാഹചര്യത്തിലാണ് ഈ ആലോചന. പോളണ്ടിൽ നിന്ന് ട്രെയിൻ മാർഗം കീവിലേക്ക് പോകാനാണ് സാധ്യതയെന്ന് ഉന്നത വൃത്തങ്ങൾ പറഞ്ഞു. യുക്രെയിൻ സന്ദർശിക്കാൻ പ്രധാനമന്ത്രിയെ നേരത്തെ പ്രസിഡന്‍റ് വ്ളോദിമിർ സെലൻസ്കി ക്ഷണിച്ചിരുന്നു. യുക്രെയിൻ ദേശീയ ദിനമായ ഓഗസ്റ്റ് 24നോ അതിനു ശേഷമോ മോദി യുക്രെയിനിലെത്താനാണ് സാധ്യത.

മോദിയുടെ റഷ്യാ സന്ദർശനം അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചയായി മാറിയിരുന്നു. നാറ്റോ ഉച്ചകോടി തുടങ്ങുന്നതിന് തൊട്ടുമുമ്പ് റഷ്യയിലെത്തി മോദി പുടിനെ ആലിംഗനം ചെയ്തത്, സമാധാന ശ്രമങ്ങൾക്ക് തിരിച്ചടിയായെന്ന് യുക്രെയിൻ പ്രസിഡൻറ് വ്ളാദിമിർ സെലൻസ്കി തുറന്നടിക്കുകയും ചെയ്തു.

ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ നേതാവ് വൻ കുറ്റവാളിയെയാണ് ആലിംഗനം ചെയ്തുവെന്നും സെലൻസ്കി കുറ്റപ്പെടുത്തി. പിന്നാലെ റഷ്യ യുക്രെയിൻ സംഘർഷം അവസാനിപ്പിക്കുന്നതിൽ പ്രസിഡൻറ് വ്ളാദിമിർ പുടിനുമായി തുറന്ന ചർച്ച നടന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. കുട്ടികൾ ഉൾപ്പടെ മരിക്കുന്നത് വേദനാജനകമെന്നും സംഘർഷം തീർക്കണമെന്ന് പുടിനോട് ആവശ്യപ്പെട്ടുവെന്നും മോദി പരസ്യമായി പറഞ്ഞു.