National

അർജുൻ മിഷൻ; ഈശ്വർ മൽപെ വീണ്ടും നദിയിലിറങ്ങി, ഇന്നുകൂടി പരമാവധി ശ്രമിക്കുമെന്ന് ജില്ലാ ഭരണകൂടം

Spread the love

ഷിരൂര്‍(കര്‍ണാടക): ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ലോറി ഡ്രൈവര്‍ അർജുനായുള്ള തെരച്ചിലിനായി ഈശ്വർ മൽപെ പുഴയിലിറങ്ങി. ഈശ്വർ മാൽപ്പെയുടെ നേതൃത്വത്തിലെ സംഘമാണ് തെരച്ചിൽ നടത്തുന്നത്. ഇതിനായി നാല് വഞ്ചികൾ പുഴയിൽ ഇറക്കിയിട്ടുണ്ട്. ഷിരൂരിൽ മഴയ്ക്ക് നേരിയ ശമനമുണ്ട്. പുഴയിലെ ഒഴുക്കും ചെറിയ രീതിയിൽ കുറഞ്ഞു. ഈ സാ​ഹചര്യത്തിലാണ് തെരച്ചിൽ വീണ്ടും തുടരാൻ തീരുമാനിച്ചത്. അതേസമയം, ​ഇന്ന് കൂടി പരമാവധി തെരച്ചിലിന് ശ്രമിക്കുമെന്നാണ് ജില്ല ഭരണകൂടം വ്യക്തമാക്കുന്നത്.

തെരച്ചിലിന് കഴിയുന്നതെല്ലാം ചെയ്തിട്ടുണ്ടെന്ന് കാർവാർ എംഎൽഎ സതീഷ് സെയിൽ പറഞ്ഞു. ഡ്രഡ്ജ് ചെയ്യാനുള്ള യന്ത്രം നദിയിലൂടെ എത്തിക്കാൻ കഴിയില്ല. മറ്റ് മാർഗങ്ങൾ തേടുകയാണ്. പ്രൊക്ലെയ്നർ നിലവിൽ എത്തിച്ചാലും നദിയിൽ ഇറക്കാൻ സാധിക്കില്ലെന്നും എംഎൽഎ പറഞ്ഞു. ഡ്രഡ്ജിങ് സാധിക്കില്ലെന്ന് കളക്ടറും വ്യക്തമാക്കി. അതേസമയം, തെരച്ചിൽ തുടരണമെന്ന് കേരളം ആവശ്യപ്പെട്ടതായി എകെ ശശീന്ദ്രൻ പറഞ്ഞു. തെരച്ചിൽ കൂടുതൽ കാര്യംക്ഷമമാക്കണം. എന്തു സഹായം നൽകാനും കേരളം തയ്യാറാണെന്നും മന്ത്രി പറഞ്ഞു.

ഗംഗാവലി അപകടം നിറഞ്ഞ നദിയെന്നും ഇങ്ങനൊരു ദൗത്യം ആദ്യമെന്നും ഈശ്വർ മാൽപെ മാധ്യമങ്ങളോട് പറഞ്ഞു. സ്വന്തം റിസ്കിലാണ് പുഴയില്‍ ഇറങ്ങുന്നത്. ഇതുവരെ ട്രക്ക് കാണാനായിട്ടില്ല. ഇന്ന് വീണ്ടും മുങ്ങി ട്രക്ക് കണ്ടെത്താൻ ശ്രമിക്കും. ഏറെ അപകടം നിറഞ്ഞ നദിയാണ് ഗംഗാവലി.അടിയൊഴുക്ക് ശക്തമാണ്. മുങ്ങുമ്പോള്‍ ഒന്നും കാണാനാകുന്നില്ല. കണ്ണ് കെട്ടി ഇറങ്ങുന്നതുപോലെയാണ്. സ്വന്തം റിസ്കിലാണ് ഇറങ്ങുന്നതെന്ന് എഴുതി നല്‍കിയാണ് ഇറങ്ങിയത്. ഇതുവരെ തകരഷീറ്റുകളും തടികളും വൈദ്യുതി കമ്പികളുമാണ് കണ്ടതെന്നും ഈശ്വര്‍ മല്‍പെ പറഞ്ഞു

അതിനിടെ, പ്രതികൂല കാലാവസ്ഥ എന്ന് പറഞ്ഞ് രക്ഷാപ്രവർത്തനത്തിൽ നിന്നും പിന്നോട്ട് പോകുന്നതിനോട് സംസ്ഥാന സർക്കാരിന് യോജിപ്പില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ് കോഴിക്കോട് പറഞ്ഞു. യോഗത്തിലെടുത്ത തീരുമാനങ്ങള്‍ മാറ്റുന്നതില്‍ സംസ്ഥാനം അതൃപ്തി അറിയിച്ചിട്ടുണ്ട്. എടുത്ത തീരുമാനത്തിൽ നിന്നും പിന്നോട്ട് പോകുകയാണ്. മീറ്റിങ്ങിൽ ഒരു കാര്യം പറയുകയും പിറ്റേന്ന് അതിൽ നിന്നും പുറകോട്ട് പോകുന്നതും ശരിയല്ല. പാൻടൂണ്‍ കൊണ്ടു വരുന്ന കാര്യത്തിൽ വൈകിട്ട് എടുത്ത തീരുമാനം പിറ്റേന്ന് രാവിലെ മാറ്റി. അതിൽ വിയോജിപ്പ് അറിയിച്ചിട്ടുണ്ട്. നിലവിലുള്ള കൂടുതൽ സാധ്യതകൾ ഉപയോഗപ്പെടുത്തണം. നേവൽ ബേസിൻ സംവിധാനത്തിലെ കൂടുതൽ സാധ്യതകൾ ഉണ്ട്. കർണാടക മന്ത്രിമാർ സ്ഥലത്ത് ക്യാമ്പ് ചെയ്യണം. രക്ഷാപ്രവർത്തനത്തിന്‍റെ വിവരങ്ങൾ കുടുംബത്തെ അറിയിക്കണമെന്നും പക്ഷേ അങ്ങനെ ഉണ്ടാകുന്നില്ലെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
അതേസമയം, ഷിരൂരിൽ തെരച്ചിൽ തുടരണമെന്ന് കേരള സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇന്ന് കൂടി പരമാവധി ശ്രമിക്കുമെന്ന് ഉത്തര കന്നഡ ജില്ലാ ഭരണകൂടം അറിയിച്ചു.രക്ഷാപ്രവര്‍ത്തനം തുടരുന്നതിൽ കർണാടക സർക്കാർ നിർദേശം അനുസരിച്ചു മാത്രമായിരിക്കും തീരുമാനമെന്ന് ഉത്തര കന്നഡ ജില്ലാ കളക്ടർ ലക്ഷ്മിപ്രിയ പറഞ്ഞു. കാലാവസ്ഥ അനുകൂലമാകും വരെ കാത്തിരിക്കുകയേ നിവൃത്തിയുള്ളൂവെന്ന് കളക്ടർ അവലോകന യോഗത്തിൽ വ്യക്തമാക്കി.