World

സൂം റെക്കോർഡ് തകർത്ത് കമലയ്ക്കായുള്ള യോഗം: പങ്കെടുത്തത് 1.64 ലക്ഷം വെളുത്ത വർഗക്കാരായ സ്ത്രീകൾ

Spread the love

അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ അതിവേഗം കുതിച്ച് കമല ഹാരിസ്. കറുത്ത വർഗ്ഗക്കാരായ സ്ത്രീകളുടെ വോട്ടുറപ്പിക്കാനുള്ള വിർച്വൽ കോൾ വൻ വിജയമായതിന് പിന്നാലെ വെളുത്ത വർഗക്കാരായ സ്ത്രീകളെ സംഘടിപ്പിച്ചുള്ള സൂം കോളിനും വലിയ സ്വീകാര്യതയാണ് ലഭിച്ചത്. 1.64 ലക്ഷം പേരാണ് സൂം കോളിൽ ഭാഗമായത്. ഈ തെരഞ്ഞെടുപ്പിൽ വെളുത്ത വർഗക്കാരായ സ്ത്രീകളുടെ പിന്തുണ ഡെമോക്രാറ്റ് പാർട്ടിക്ക് നിർണായകമാണ്.

അമേരിക്കയിലെ വെളുത്ത വർഗക്കാരായ സ്ത്രീകളിൽ ബഹുഭൂരിപക്ഷവും റിപ്പബ്ലിക്കൻ പാർട്ടിക്കാണ് വോട്ട് ചെയ്യാറുള്ളത്. അതിനാലാണ് ഈ വോട്ട് ബാങ്കിലേക്ക് കമല ഹാരിസും സംഘവും നോട്ടമിട്ടത്. സൂം വീഡിയോ കോൾ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ പേർ പങ്കെടുത്ത യോഗമായി ഇത് മാറി. വ്യാഴാഴ്ച രാത്രി മാത്രം കമല ഹാരിസിൻ്റെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് 20 ലക്ഷം ഡോളർ രണ്ട് മണിക്കൂർ കൊണ്ട് ഒഴുകിയെത്തി.

ജോ ബൈഡൻ സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പിന്‍മാറിയതിന് പിന്നാലെയാണ് രാജ്യത്തെ കറുത്ത വർഗക്കാരായ വനിതാ നേതാക്കളും സംഘടനകളും ചേർന്ന് നടത്തിയ വീഡിയോ കോൾ യോഗത്തിലും വലിയ പിന്തുണ കമല ഹാരിസിന് ലഭിച്ചിരുന്നു. 44000 പേർ പങ്കെടുത്ത യോഗത്തിന് ശേഷം 15 ലക്ഷം ഡോളർ കമല ഹാരിസിൻ്റെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് എത്തിയിരുന്നു. ഈ യോഗത്തിൽ പങ്കെടുക്കാനായില്ലെന്ന് ആയിരക്കണക്കിന് ആളുകൾ പരാതിപ്പെട്ടിരുന്നു. ട്വിച്ച്, ക്ലബ്ഹൗസ്, യൂട്യൂബ് പോലുള്ള പ്ലാറ്റ്ഫോമുകൾ ഉപയോഗിച്ചായിരുന്നു അന്നത്തെ വീഡിയോ കോൾ.

തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ ജൊതക ഈഡിയാണ് 2020 ൽ ഈ പരിപാടി തുടങ്ങിയത്. അതേ വർഷം നടന്ന തെരഞ്ഞെടുപ്പിൽ അമേരിക്കയിലെ വെളുത്ത വർഗക്കാരായ സ്ത്രീകൾ 52% പേർ ഡൊണാൾഡ് ട്രംപിനെയാണ് പിന്തുണച്ചത്. അന്ന് ഡെമോക്രാറ്റ് സ്ഥാനാർത്ഥിയായി മത്സരിച്ച ഹിലരി ക്ലിൻ്റൺ ജയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും വലിയ മുന്നേറ്റമാണ് ട്രംപ് നേടിയത്. 2000 ത്തിന് ശേഷം നടന്ന എല്ലാ തെരഞ്ഞെടുപ്പിലും വെളുത്ത വർഗക്കാരായ സ്ത്രീകളുടെ പിന്തുണ അധികവും റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡൻ്റ് സ്ഥാനാർത്ഥിക്കായിരുന്നു. ഇതിൽ 2000 ത്തിൽ മാത്രമാണ് നേരിയ മാറ്റം ഉണ്ടായത്. അന്ന് നടന്ന തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റ് പാർട്ടിയുടെ അൽ ഗോറിനും റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിയായി മത്സരിച്ച് ജയിച്ച ജോർജ്ജ് ഡബ്ല്യു ബുഷിനും 50 ശതമാനം വീതം വെള്ളക്കാരായ സ്ത്രീകളുടെ വോട്ട് ലഭിച്ചിരുന്നു.