National

വിമര്‍ശനം പറഞ്ഞപ്പോള്‍ മൈക്ക് ഓഫാക്കിയെന്ന് ആരോപണം; നീതി ആയോഗ് യോഗത്തില്‍ നിന്ന് മമതാ ബാനര്‍ജി ഇറങ്ങിപ്പോയി

Spread the love

നീതി ആയോഗ് യോഗത്തില്‍ നിന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഇറങ്ങിപ്പോയി. ഇന്ത്യ മുന്നണിയുടെ കൂട്ടായ തീരുമാനത്തിന് വിരുദ്ധമായാണ് മമത ബാനര്‍ജി പ്രധാനമന്ത്രി അദ്ധ്യക്ഷനായ യോഗത്തിന് എത്തിയത്. താന്‍ വിമര്‍ശനം ഉന്നയിച്ച് സംസാരിയ്ക്കുമ്പോള്‍ മൈക്ക് ഒഫാക്കിയതായി മമതാ ബാനര്‍ജി യോഗത്തില്‍ നിന്ന് ഇറങ്ങിയ ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

ഇന്ത്യമുന്നണിയുടെ എതിര്‍പ്പ് വകവയ്ക്കാതെയാണ് മമതാ ബാനര്‍ജി നീതി ആയോഗ് യോഗത്തിന് എത്തിയത്. പ്രതിപക്ഷത്ത് നിന്നും പങ്കെടുക്കുന്ന എക മുഖ്യമന്ത്രി എന്ന നിലയില്‍ മികച്ച പരിഗണന പ്രതീക്ഷിച്ചായിരുന്നു മമതയുടെ സാന്നിദ്ധ്യം. പക്ഷേ അതുണ്ടായില്ല. രാഷ്ട്രീയ ലക്ഷ്യങ്ങളുടെ അടിസ്ഥാനത്തില്‍ അവതരിപ്പിച്ച ബജറ്റെന്ന വിമര്‍ശനം പറഞ്ഞപ്പോള്‍ തന്റെ മൈക്ക് ഒഫ് ചെയ്യപ്പെട്ടതായി യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയ ശേഷം മമതാ ബാനര്‍ജി ആരോപിച്ചു.

നിതി ആയോഗിന്റെ ഒന്‍പതാമത് ഗവേണിങ് കൗണ്‍സില്‍ യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആണ് അധ്യക്ഷത വഹിക്കുന്നത്. കോണ്‍ഗ്രസ്, സിപിഐഎം അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളുടെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കുന്നില്ല. ഭാരതത്തെ വികസിത രാഷ്ട്രമാക്കാനുള്ള ‘വികസിത ഭാരതം @ 2047’ രേഖ യാണ് ഇന്നത്തെ യോഗം പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്. സ്വാതന്ത്ര്യത്തിന്റെ നൂറാം വര്‍ഷമായ 2047ല്‍ 30 ട്രില്യണ്‍ യുഎസ് ഡോളറിന്റെ വികസിത സമ്പദ് വ്യവസ്ഥയാകുന്നതിന് ഭാരതത്തെ സഹായിക്കാനുള്ള ദര്‍ശന രേഖയും യോഗം തയാറാക്കും.