Monday, January 27, 2025
Kerala

കെപിസിസി യോ​ഗത്തിലെ വിമർശനം പുറത്തായതിൽ പ്രതിപക്ഷനേതാവിന് അതൃപ്തിയെന്ന് സൂചന; ജില്ലാ ക്യാമ്പ് എക്സിക്യൂട്ടീവിൽ നിന്ന് വിട്ടുനിന്നു

Spread the love

കെ.പി.സി.സി യോഗത്തിലെ വിമർശനത്തിൽ അതൃപ്തിയുമായി പ്രതിപക്ഷ നേതാവ്. തിരുവനന്തപുരം ഡി.സി.സി സംഘടിപ്പിച്ച ജില്ലാ ക്യാമ്പ് എക്സിക്യൂട്ടീവിൽ നിന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വിട്ടുനിന്നു. തിരുവനന്തപുരത്ത് ഉണ്ടായിട്ടും പങ്കെടുക്കാത്തത് കെ.പി.സി.സി യോഗത്തിലെ വിമർശനം പുറത്തായതിലെ അതൃപ്തിയെന്നാണ് സൂചന. ജനാധിപത്യ പാർട്ടിയിൽ വിമർശനങ്ങൾ ഉണ്ടാകുമെന്ന മറുപടിയുമായി കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ രം​ഗത്തെത്തി.

കെ.പി.സി.സി ഇന്നലെ ഓൺലൈനായി ചേർന്ന യോഗം പ്രതിപക്ഷ നേതാവിനെ അറിയിച്ചിരുന്നില്ല. കെ.പി.സി.സി ഭാരവാഹികൾ മാത്രം പങ്കെടുത്ത യോഗത്തിൽ പ്രതിപക്ഷ നേതാവിന് കടുത്ത അതൃപ്തിയാണുള്ളത്. യോഗത്തിലെ വിമർശനം പുറത്തായതും വിഡി സതീശനെ ചൊടിപ്പിച്ചു. ഡി.സി.സിയുടെ തിരുവനന്തപുരം ജില്ലാ ക്യാമ്പ് എക്സിക്യൂട്ടീവിൽ പങ്കെടുക്കാതെ ആയിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതിഷേധം. തിരുവനന്തപുരത്ത് ഉണ്ടായിട്ടും പ്രതിപക്ഷ നേതാവ് ക്യാമ്പിൽ പങ്കെടുത്തില്ല. വയനാട്ടിൽ നടന്ന ചിന്തൻ ശിബിരിലെ തീരുമാനങ്ങൾ റിപ്പോർട്ട് ആയി അവതരിപ്പിക്കേണ്ടിയിരുന്നത് പ്രതിപക്ഷ നേതാവായിരുന്നു. വി.ഡി സതീശന്റെ അസാന്നിധ്യത്തിൽ കൊടിക്കുന്നിൽ സുരേഷ്, എം.എം ഹസ്സൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവർ ചേർന്നാണ് റിപ്പോർട്ട് അവതരിപ്പിച്ചത്. ഓൺലൈൻ യോഗത്തിൽ വിമർശനം ഉണ്ടായില്ലെന്നാണ് കെപിസിസിയുടെ ഇന്നലെ വന്ന വിശദീകരണം. എന്നാൽ വിമർശനമുണ്ടായെന്ന വാർത്ത കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ തള്ളിയില്ല. വിമർശനം സ്വാഭാവികം എന്നും പ്രതിപക്ഷ നേതാവുമായി നല്ല ബന്ധമെന്നും കെ സുധാകരൻ പറഞ്ഞു.

പ്രതിപക്ഷ നേതാവ് സമാന്തര രാഷ്ട്രീയ പ്രവർത്തനം നടത്തുന്നു എന്നായിരുന്നു കെപിസിസി അംഗങ്ങളുടെ വിമർശനം. ജില്ലാ ചുമതലയുള്ള നേതാക്കളെ അറിയിക്കാതെ തീരുമാനങ്ങൾ എടുക്കുന്നു. വയനാട്ടിലെ ചിന്തൻ ശിബിരിൻ്റ ശോഭ കെടുത്തിയത് പ്രതിപക്ഷ നേതാവെന്നും വിമർശനം ഉണ്ടായിരുന്നു.