National

സ്റ്റാലിൻ തുടങ്ങി, പിന്നാലെ പിണറായി; പ്രധാനമന്ത്രി പങ്കെടുക്കുന്ന യോ​ഗത്തിനില്ലെന്ന് ‘ഇന്ത്യ’ മുഖ്യമന്ത്രിമാർ

Spread the love

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷത വഹിക്കുന്ന നിതി ആയോ​ഗ് യോ​ഗത്തിൽ ഇന്ത്യാ മുന്നണി മുഖ്യമന്ത്രിമാർ വിട്ടുനിൽക്കുമെന്ന് റിപ്പോര്‍ട്ട്. സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ, തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ആന്ധ്ര മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, പഞ്ചാബ് മുഖ്യമന്ത്രി ഭ​ഗവന്ത് മാൻ എന്നിവരാണ് വിട്ടുനിൽക്കുന്നത്. കേന്ദ്ര ബജറ്റിൽ അർഹമായ പരി​ഗണന ലഭിച്ചില്ലെന്ന കാരണത്താലാണ് ബഹിഷ്കരണം. നാളെയാണ് യോ​ഗം. ജൂലൈ 23ന് അവതരിപ്പിച്ച കേന്ദ്ര ബജറ്റ് വിവേചനപരമാണെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചിരുന്നു.

തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനാണ് ബഹിഷ്കരണം തുടങ്ങിവെച്ചത്. പിന്നാലെ, പിണറായി വിജയനും മറ്റ് കോൺ​ഗ്രസ് മുഖ്യമന്ത്രിമാരും രം​ഗത്തെത്തി. ബം​ഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ കാര്യത്തിൽ സസ്പെൻസ് തുടരുകയാണ്. നേരത്തെ മമതാ ബാനർജി പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും കഴിഞ്ഞ ദിവസം ദില്ലി യാത്ര മമത റദ്ദാക്കിയതോടെ പങ്കെടുക്കുമോ എന്ന കാര്യത്തിൽ അനിശ്ചിതത്വമായി.

ബജറ്റിനെതിരെ ഇന്ത്യ സഖ്യം പാര്‍ലമെന്‍റിലും പ്രതിഷേധിച്ചിരുന്നു. തമിഴ്നാടിന് ഒന്നുമില്ലാത്ത ബജറ്റാണെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിനും കുറ്റപ്പെടുത്തി. ബജറ്റിനെതിരെ പിണറായി വിജയനും രം​ഗത്തെത്തി. ബജറ്റിനെതിരെ പ്രധാന കവാടത്തിലും ഇരുസഭകളിലും ഇന്ത്യാ മുന്നണി പ്രതിഷേധമറിയിച്ചു. ബജറ്റിൽ കർണാടക സർക്കാരിനോട് കാണിച്ചത് കടുത്ത അനീതിയാണെന്ന് സിദ്ധരാമയ്യയും കുറ്റപ്പെടുത്തിയിരുന്നു. ഏറ്റവും കൂടുതൽ നികുതിയിനത്തിൽ വരുമാനം നൽകുന്ന സംസ്ഥാനമായിട്ടും കർണാടകത്തിന് കടുത്ത അവഗണനയാണ് നേരിടേണ്ടി വന്നതെന്നും സിദ്ധരാമയ്യ പറഞ്ഞു.

കസേര സംരക്ഷണ ബജറ്റാണിതെന്നാണ് പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധി പ്രതികരിച്ചത്. കോൺഗ്രസിന്‍റെ പ്രകടനപത്രിക കോപ്പിയടിച്ചതാണെന്നും വിമർശനമുയർന്നു. സഖ്യകക്ഷികളെ പ്രീണിപ്പിക്കുകയും മറ്റ് സംസ്ഥാനങ്ങളുടെ ചെലവിൽ അവർക്ക് പൊള്ളയായ വാഗ്ദാനങ്ങൾ നല്‍കുകയും ചെയ്യുകയാണെന്നും കോൺ​ഗ്രസ് കുറ്റപ്പെടുത്തി. തൃണമൂൽ കോൺ​ഗ്രസും ബജറ്റിനെതിരെ രംഗത്തെത്തിയിരുന്നു. പരാജയപ്പെട്ട ബജറ്റാണിതെന്നും ഒരു വാറണ്ടിയുമില്ലാത്ത രണ്ട് സഖ്യകക്ഷികൾക്ക് കൈക്കൂലി നൽകുന്നതാണ് ബജറ്റെന്നും തൃണമൂൽ കോൺ​ഗ്രസ് പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.