കേന്ദ്ര ബജറ്റിൽ കേരളത്തിന് 3000 കോടിയിലധികം കിട്ടി, തുറന്ന സംവാദത്തിന് തയ്യാർ: കെ സുരേന്ദ്രൻ
കേന്ദ്ര ബജറ്റിൽ സംസ്ഥാനത്തെ റെയിൽവെ വികസനത്തിന് 3000 കോടിയിലധികം രൂപ കേന്ദ്രം അനുവദിച്ചിട്ടുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. കേന്ദ്ര ബജറ്റിനെക്കുറിച്ച് എൽഡിഎഫും യുഡിഎഫും കള്ളം പ്രചരിപ്പിക്കുന്നു.
എയിംസിൻ്റെ കാര്യത്തിൽ സംസ്ഥാന സർക്കാരിന് തന്നെ വ്യക്തതയില്ല. കിനാലൂരിൽ എയിംസ് വരുന്ന കാര്യത്തിൽ ബിജെപിക്ക് പ്രശ്നമില്ല. എന്നാൽ അതുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എയിംസ് പദ്ധതിയുമായി ബന്ധപ്പെട്ട് റിയൽ എസ്റ്റേറ്റ് ലോബി സജീവമായി രംഗത്തുണ്ട്.
പിണറായി സർക്കാരിൻ്റെ കേന്ദ്ര വിരുദ്ധ പ്രചാരണത്തിൽ കേരളത്തിലെ പ്രതിപക്ഷം പെട്ടുപോയി. ബജറ്റിൽ തുറന്ന സംവാദത്തിന് ഇരുമുന്നണികളെയും സുരേന്ദ്രൻ ക്ഷണിച്ചു. മോദി വിരുദ്ധതയുടെ കാര്യത്തിൽ പരസ്പരം മത്സരിക്കുകയാണ് ഇടത് വലത് മുന്നണികളെന്ന് സുരേന്ദ്രൻ കുറ്റപ്പെടുത്തി.
ബിജെപിയിൽ ചേരാതെ കെ.മുരളീധരൻ നിയമസഭ കാണില്ല. കെ. മുരളീധരനെ കോൺഗ്രസ് ബലിയാടാക്കുകയാണ്. കെ. കരുണാകരൻ്റെയും ഉമ്മൻ ചാണ്ടിയുടെയും മക്കളെ പുകച്ച് പുറത്തു ചാടിക്കാനുള്ള നീക്കങ്ങളാണ് കോൺഗ്രസിൽ നടക്കുന്നതെന്നും കെ സുരേന്ദ്രൻ പറഞ്ഞു.