National

ഇന്ത്യൻ സൈന്യത്തിൽ അഗ്നിവീർ; അവധിക്ക് നാട്ടിലെത്തി കൊള്ളസംഘമുണ്ടാക്കി, ഹൈവേ കേന്ദ്രീകരിച്ച് പ്രവർത്തനം; ഒടുവിൽ പിടിയിൽ

Spread the love

ഇന്ത്യൻ സൈന്യത്തിൽ അഗ്നിവീറായി സേവനം അനുഷ്ഠിക്കുന്ന യുവാവ് ഹൈവേ കൊള്ള സംഘത്തിൻ്റെ തലവൻ. പഞ്ചാബിലെ മൊഹാലിയിലാണ് ഇന്ത്യൻ സേനാംഗമായ ഇഷ്മീത് സിങിനെ ആയുധങ്ങൾ സഹിതം പഞ്ചാബ് പൊലീസ് പിടികൂടിയത്. 2022 നവംബറിൽ അഗ്നിവീറായി സൈന്യത്തിൽ ചേർന്ന ഇയാൾ അവധിക്ക് നാട്ടിലെത്തിയ ശേഷമാണ് കൊള്ളസംഘത്തിന് രൂപം കൊടുത്തത്. അവധി കഴിഞ്ഞ ശേഷവും തിരികെ പോകാതെ കൊള്ള തുടരുകയായിരുന്നു.

ആയുധങ്ങൾ ശേഖരിച്ച ഇഷ്മീത് സിങ് കൂട്ടാളികളുമായി ഹൈവേയിലൂടെ പോകുന്ന വാഹനങ്ങൾ ആക്രമിച്ച് മോഷണം നടത്തുകയായിരുന്നു. എന്നാൽ ഇതിന് അധികകാലം ആയുസുണ്ടായില്ല. ഇഷ്മീതിനെയും രണ്ട് സംഘാംഗങ്ങളെയും പൊലീസ് അറസ്റ്റ് ചെയ്തു. പിടിയിലായ ഒരാൾ ഇഷ്മീതിന്റെ സഹോദരനെന്നാണ് വിവരം. ഇവരുടെ കൈയ്യിൽ നിന്നും മോഷ്ടിക്കപ്പെട്ട ഒരു കാര്‍, ബുള്ളറ്റ് ബൈക്ക്, സ്കൂട്ട‍ർ, നാടൻ തോക്ക്, വെടിയുണ്ടകളും കണ്ടെത്തി.

അഗ്നിവീറായി സൈന്യത്തിൽ ചേർന്ന ഇഷ്മീതിന് പശ്ചിമ ബംഗാളിലാണ് നിയമനം കിട്ടിയത്. രണ്ട് മാസം മുൻപ് അവധിക്ക് നാട്ടിലേക്ക് മടങ്ങിയ ഇയാൾ പിന്നീട് ജോലിക്ക് ഹാജരായില്ല. ബലോംഗി എന്ന സ്ഥലത്ത് മുറി വാടകക്കെടുത്ത ഇയാൾ സഹോദരൻ പ്രഭ്പ്രീത് സിങിനെയും സുഹൃത്ത് ബൽകരൻ സിങിനെയും ചേർത്ത് കൊള്ളസംഘം രൂപീകരിക്കുകയായിരുന്നു.
രഹസ്യ വിവരത്തെ തുടർന്നാണ് ഇവർക്കെതിരെ പൊലീസ് അന്വേഷണം തുടങ്ങിയത്. ഓൺലൈൻ ടാക്സി ബുക്ക് ചെയ്ത് വരുത്തിയ ശേഷം തോക്ക് ചൂണ്ടി വാഹനം തട്ടിയെടുക്കുന്നതായിരുന്നു പ്രതികളുടെ രീതി. പിന്നീട് മോഷ്ടിക്കുന്ന വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് മാറ്റി ഉപയോഗിക്കുന്നതായിരുന്നു രീതി. ഇവ പിന്നീട് മറിച്ചു വിൽക്കും. ഉത്ത‍ർപ്രദേശിലെ കാൻപൂറിൽ നിന്നാണ് ഇവർക്ക് തോക്ക് ലഭിച്ചതെന്നാണ് വിവരം. ജൂലൈ 20 ന് രാത്രി ഛപ്പർചിരി എന്ന സ്ഥലത്ത് വെച്ച് ഡ്രൈവറുടെ കണ്ണിൽ കുരുമുളക് സ്പ്രേ അടിച്ച ശേഷം ഇവർ കാർ മോഷ്ടിച്ചിരുന്നു. ഡ്രൈവർ പ്രതിരോധിച്ചപ്പോൾ ഇവർ വെടിയുതിർക്കുകയും ചെയ്തിരുന്നു. പ്രതികൾക്കെതിരെ സദ‍ർ കുരളി പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തതായി മൊഹാലി പൊലീസ് അറിയിച്ചു.