Kerala

തിരുവനന്തപുരത്തെ അവസ്ഥ പരിതാപകരം, എല്ലായിടത്തും മാലിന്യമാണ്; രൂക്ഷ വിമർശനവുമായി ഹൈക്കോടതി

Spread the love

തിരുവനന്തപുരം നഗരത്തിൽ എല്ലായിടത്തും മാലിന്യമാണെന്ന് ഹൈകോടതിയുടെ വിമർശനം. ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യം എങ്ങനെ നീക്കാനാണ് ഉദ്ദേശിക്കുന്നതെന്നും സർക്കാരിനോട് കോടതി ചോദിച്ചു. ആഗസ്റ്റ് അവസാനത്തോടെ ആമയിഴഞ്ചാൻ തോട് പൂർണ്ണമായും വൃത്തിയാക്കുമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.

തിരുവനന്തപുരം കൊച്ചി കോർപ്പറേഷൻ മേഖലകളിലെ മാലിന്യ നീക്കത്തിലാണ് ഹൈക്കോടതി അതൃപ്തി അറിയിച്ചത്.തിരുവനന്തപുരത്തിന്റെ അവസ്ഥ പരിതാപകരമാണ്. തലസ്ഥാന നഗരം ഇങ്ങനെയല്ല ആവേണ്ടത്. ആമയിഴഞ്ചാൻ തോട്ടിലേക്ക് മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. മാലിന്യനിർമാർജനത്തിന് പ്രത്യേക കർമ്മ പദ്ധതി തയ്യാറാക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്.

ആമയിഴഞ്ചാൻ തോട് പൂർണമായി ക്ലീൻ ചെയ്യുന്നതിനുളള പദ്ധതി ഇറിഗേഷൻ ഡിപ്പാ‍ർട്മെന്‍റ് തയാറാക്കിവരികയാണ്. ഇക്കാര്യം റെയിൽവേയുമായി സംസാരിച്ചിട്ടുണ്ട്.യന്ത്രസഹായത്തോടെയേ അവരുടെ ഭാഗത്തെ മാലിന്യം നീക്കാനാകൂവെന്നും സർക്കാർ കോടതിയെ അറിയിച്ചു. ടണലിലെ മാലിന്യം നീക്കാൻ കോർപ്പറേഷനുമായി സഹകരിക്കുമെന്ന് റെയിൽവേയും വ്യക്തമാക്കി. റോഡിലെ മാലിന്യം നീക്കാത്തതിന് കൊച്ചിൻ കോർപ്പറേഷനേയും ഹൈക്കോടതി അതിരൂക്ഷമായി വിമർശിച്ചു.