National

മുഖ്യസൂത്രധാരൻ പങ്കജ് കുമാറുമായി ഒത്തുകളിച്ചു; നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ നിർണായക കണ്ടെത്തലുമായി സിബിഐ

Spread the love

നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ നിർണായക കണ്ടെത്തലുമായി സിബിഐ. ഹസാരിബാഗ് ഒയാസിസ് സ്കൂൾ പ്രിൻസിപ്പലും വൈസ് പ്രിൻസിപ്പലും കേസിലെ മുഖ്യസൂത്രധാരൻ പങ്കജ് കുമാറുമായി ചേർന്ന് ഒത്തുകളിച്ചുവെന്ന് സിബിഐ പറയുന്നു. ചോദ്യപേപ്പർ സൂക്ഷിച്ചിരുന്ന പെട്ടി പൊട്ടിച്ചതും പങ്കജാണെന്നും
സിബിഐ കണ്ടെത്തി. കേസിൽ ഇതുവരെ 36 പേരെ അറസ്റ്റ് ചെയ്തു.

നീറ്റ് യുജി ചോദ്യപേപ്പർ ചോർച്ച എങ്ങനെ നടന്നു എന്നതിൽ നിർണായക കണ്ടെത്തലുകളാണ് സിബിഐ നടത്തിയത്. കേസിലെ മുഖ്യസൂത്രധാരൻ പങ്കജ് കുമാറുമായി ഹസാരിബാഗ് ഒയാസിസ് സ്കൂൾ പ്രിൻസിപ്പലും വൈസ് പ്രിൻസിപ്പലും ഒത്തുകളിച്ചു.പരീക്ഷയ്ക്ക് മണിക്കൂറുകൾക്കു മുൻപ് ചോദ്യപേപ്പർ സൂക്ഷിച്ചിരുന്ന റൂമിനുള്ളിൽ പങ്കജ് കുമാറിന് കയറാൻ ഇവർ അനുവാദം നൽകി.

പങ്കജ് കുമാറാണ് ചോദ്യപേപ്പർ സൂക്ഷിച്ചിരുന്ന പെട്ടി ആയുധങ്ങളുടെ സഹായത്തോടെ പൊട്ടിച്ചത്. ചോർത്തിയ ചോദ്യപേപ്പർ സോൾവ് ചെയ്യാൻ പട്ന എയിംസ്, റിംസ് റാഞ്ചി എന്നിവിടങ്ങളിലെ
എം.ബി.ബി.എസ് വിദ്യാർത്ഥികളെയും എത്തിച്ചിരുന്നു. മെഡിക്കൽ വിദ്യാർത്ഥികൾ സോൾവ് ചെയ്ത ചോദ്യപേപ്പറുകൾ പണം നൽകിയ വിദ്യാർത്ഥികളുമായി പങ്കുവച്ചു.ചോദ്യപേപ്പറുകൾ സോൾവ് ചെയ്യാൻ എത്തിയ ഏഴ് വിദ്യാർഥികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് സിബിഐ അറിയിച്ചു.മുഖ്യസൂത്രധാരൻ പങ്കജ് കുമാറിനോടൊപ്പം പ്രവർത്തിച്ചവരെയും അന്വേഷണ ഏജൻസി തിരിച്ചറിഞ്ഞിട്ടുണ്ട്.അന്വേഷണം അന്തിമ ഘട്ടത്തിലേക്ക് കടന്നു എന്നാണ് സിബിഐ അറിയിക്കുന്നത്.അതിനിടയിൽ സുപ്രീംകോടതി നിർദ്ദേശത്തെ തുടർന്നുള്ള നീറ്റ് യുജി പുതുക്കിയ പരീക്ഷഫലം ഉടൻ പ്രസിദ്ധീകരിക്കും.