കോണ്‍ഗ്രസിലെ കൂടോത്ര വിവാദത്തിനിടെ അന്ധവിശ്വാസങ്ങള്‍ക്കെതിരെ സ്വകാര്യ ബില്ലുമായി ബെന്നി ബഹന്നാന്‍
സംസ്ഥാന കോണ്‍ഗ്രസിലെ കൂടോത്ര വിവാദത്തിനിടെ അന്ധവിശ്വാസങ്ങള്‍ക്കെതിരെ സ്വകാര്യ ബില്ലുമായി ബെന്നി ബഹന്നാന്‍ എംപി. ലോക്‌സഭയില്‍ ബെന്നി ബെഹന്നാന്‍ ബില്‍ അവതരിപ്പിക്കുന്നതിനായി അനുമതി തേടി. ഓട്ടിസം ബാധിതരുടെ സംരക്ഷണത്തിനായി മറ്റൊരു സ്വകാര്യ ബില്ലിന് കൂടി ബെന്നി ബഹന്നാന്‍ ഇന്ന് അവതരണാനുമതി തേടിയിട്ടുണ്ട്.
യുക്തി ചിന്തയെ പ്രോത്സാഹിപ്പിക്കാനും അന്ധവിശ്വാസത്തിനെതിരെയുമാണ് ബെന്നി ബെഹന്നാന്‍ മുന്നോട്ടുവയ്ക്കുന്ന ബില്‍. സമൂഹത്തില്‍ ഇപ്പോഴും സജീവമായി നില്‍ക്കുന്ന അന്ധവിശ്വാസങ്ങള്‍ക്കെതിരായി യുക്തി ചിന്ത, വിമര്‍ശനാത്മക ചിന്ത, തെളിവുകളെ അടിസ്ഥാനപ്പെടുത്തിയുള്ള തീരുമാനമെടുക്കല്‍ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനാണ് ബില്‍. യുക്തി, ഭൗതികവ്യവഹാരം എന്നിവയിലൂന്നിയ ജീവിതാന്തരീക്ഷം സൃഷ്ടിക്കുന്നതിനായും ബില്‍ ലക്ഷ്യമിടുന്നു. രണ്ട് ബില്ലുകള്‍ക്കും അവതരണാനുമതി ലഭിച്ചിട്ടുണ്ട്. വെള്ളിയാഴ്ചകളില്‍ ലോട്ട് അനുസരിച്ചായിരിക്കും ബില്ലുകള്‍ അവതരിപ്പിക്കുക.
കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ വീട്ടില്‍ നിന്ന് കൂടോത്രമെന്ന് പറയുന്ന വസ്തുക്കള്‍ കണ്ടെത്തിയ വിഡിയോ പുറത്തുവന്നതിന് പിന്നാലെ ബില്ലിനായി നീക്കം നടക്കുന്നുവെന്നത് ഏറെ ശ്രദ്ധേയമാണ്. അന്ധവിശ്വാസം വളര്‍ത്തുന്ന തരത്തിലുള്ള വിഡിയോ പുറത്തുവന്നതിന് പാര്‍ട്ടിയ്ക്കുള്ളില്‍ നിന്ന് തന്നെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.