World

ഞെട്ടിക്കുന്ന റിപ്പോർട്ട്: സൈനികരുടെ ബലാത്സം​ഗത്തിനിരയായതായി സുഡാനിലെ സ്ത്രീകൾ, എല്ലാം ഭക്ഷണത്തിന് വേണ്ടി

Spread the love

ഏതൊരു യുദ്ധവും ഏറ്റവും വലിയ മുറിവുകളും അതിക്രമങ്ങളുമേൽപ്പിക്കുന്നത് സ്ത്രീകളിലും കുഞ്ഞുങ്ങളിലുമാണ്. സ്ത്രീകളെ ബലാത്ക്കാരം ചെയ്യുകയെന്നത് യുദ്ധത്തിന്റെ ഭാ​ഗമാക്കി മാറ്റുന്നതായി റിപ്പോര്‍ട്ടുകളുമുണ്ട്. ഇപ്പോഴിതാ, യുദ്ധം നാശം വിതച്ച സുഡാനിൽ സ്ത്രീകൾ അവരുടെ കുടുംബത്തെ പോറ്റാനും അവർക്കുള്ള ഭക്ഷണത്തിനും വേണ്ടി സൈനികരുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിതരാകുന്നുവെന്ന് റിപ്പോർട്ട്. ദി ഗാർഡിയനാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

സുഡാനിലെ ഒംദുർമാൻ നഗരത്തിൽ നിന്ന് പലായനം ചെയ്ത സ്ത്രീകൾ പറയുന്നത് തങ്ങൾക്ക് ഇതല്ലാതെ മറ്റ് മാർ​ഗങ്ങളുണ്ടായിരുന്നില്ല എന്നാണ്. തങ്ങളുടെ കുടുംബത്തെ പോറ്റണം, ഭക്ഷണമോ മറ്റ് സാധനങ്ങളോ വാങ്ങാനും പണം കണ്ടെത്തണം. അതിന് സൈനികരുമായി ശാരീരികബന്ധത്തിന് തയ്യാറാവുക എന്നത് മാത്രമാണ് വഴി എന്നാണ് നിസ്സഹായതയോടെ സ്ത്രീകൾ പറയുന്നത്.

നഗരത്തിലുടനീളമുള്ള ഫാക്‌ടറികളിൽ ഭക്ഷണം സംഭരിച്ചിരിക്കുന്ന സ്ഥലങ്ങളിലാണ് സൈനികരുമായി ബന്ധത്തിലേർപ്പെടാൻ നിർബന്ധിതരായത് എന്നാണ് ഗാർഡിയനോട് സംസാരിച്ച ഒരു സ്ത്രീ പറഞ്ഞത്. “എൻ്റെ മാതാപിതാക്കൾ രണ്ടുപേരും വളരെ പ്രായമായവരും രോഗികളുമാണ്. ഭക്ഷണം അന്വേഷിച്ച് കണ്ടെത്താൻ ഒരിക്കലും എന്റെ മകളെ ഞാൻ അനുവദിച്ചില്ല. പകരം, ഞാൻ തന്നെ പാട്ടാളക്കാരുടെ അടുത്തേക്ക് പോവുകയായിരുന്നു. ഭക്ഷണം ലഭിക്കാനുള്ള ഏക മാർഗം അതായിരുന്നു. ഫാക്ടറി ഏരിയയിൽ എല്ലായിടത്തും അവരുണ്ടായിരുന്നു” എന്നാണ് അവർ പറഞ്ഞത്.

കഴിഞ്ഞ വർഷം മെയ് മാസത്തിലാണ് തനിക്ക് ഈ ദുരനുഭവമുണ്ടായത് എന്നും ഈ സ്ത്രീ പറയുന്നു. രാജ്യത്ത് ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ആക്രമണങ്ങൾ ആരംഭിച്ചത്. കഴിഞ്ഞ വർഷം ഏപ്രിൽ 15 -നാണ് സംഘർഷം ആരംഭിച്ചത്. ദിവസങ്ങൾക്കുള്ളിൽ തന്നെ ആയുധധാരികളായ ആളുകൾ സ്ത്രീകളെ ബലാത്സംഗം ചെയ്തതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
സുഡാനിലെ യുദ്ധം പതിനായിരക്കണക്കിന് ആളുകളെ കൊന്നൊടുക്കി. ചില കണക്കുകൾ പ്രകാരം മരണസംഖ്യ 150,000 ആയി ഉയർന്നു. 11 ദശലക്ഷത്തിലധികം പേർ വഴിയാധാരമായി. പട്ടിണി ജനങ്ങളെ തകർത്തു കളഞ്ഞു. തങ്ങളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ ആർഎസ്എഫുകാർ തങ്ങളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതിൻ്റെ വേദനിപ്പിക്കുന്ന കഥകൾ പങ്കുവെച്ച് നിരവധി സ്ത്രീകൾ മുന്നോട്ട് വന്നിട്ടുണ്ട്. ഭക്ഷണസാധനങ്ങളെന്തെങ്കിലും കിട്ടുന്ന ഉപേക്ഷിക്കപ്പെട്ട വീടുകളിലേക്ക് പ്രവേശനം അനുവദിക്കുന്നതിന് സ്ത്രീകളെ ബലാത്സം​ഗം ചെയ്യുകയാണ് ഇവർ ചെയ്തത്.

ഒരു സ്ത്രീ പറയുന്നത്, തന്റെ കുഞ്ഞ് പട്ടിണികൊണ്ട് കിടന്നു കരയുകയായിരുന്നു. കുഞ്ഞിനെ രക്ഷിക്കാൻ വേണ്ടി മാത്രം അവരുടെ അതിക്രമം സഹിക്കേണ്ടി വന്നു എന്നാണ്. സ്ത്രീകളോട് വരി നിൽക്കാൻ ആവശ്യപ്പെടുകയും പിന്നീട് അവരിൽ നിന്നും ഇഷ്ടപ്പെട്ടവരെ തിരഞ്ഞെടുത്ത് ബലാത്സം​ഗം ചെയ്യുകയും ചെയ്യുകയായിരുന്നു. പല സ്ത്രീകളും കരയുന്ന ഒച്ച കേൾക്കാമായിരുന്നു എന്നും സ്ത്രീകൾ പറയുന്നു. അതുപോലെ, എതിർത്ത സ്ത്രീകളെ അവർ പൊള്ളിക്കുകയും മറ്റ് ക്രൂരമായ അക്രമത്തിന് വിധേയരാക്കുകയും ചെയ്തിരുന്നുവെന്നും അനുഭവസ്ഥർ പറഞ്ഞു.