Kerala

ഇ-ഫയലിംഗ് പണിമുടക്കി, സംസ്ഥാനത്ത് സെക്രട്ടേറിയറ്റിൽ ഭരണസ്തംഭനം; ഒരു ഉത്തരവ് പോലും ഇറക്കാനാകുന്നില്ല

Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് സെക്രട്ടേറിയറ്റിൽ ഭരണസ്തംഭനം. രണ്ട് ദിവസമായി ഇ-ഫയലിംഗ് പണിമുടക്കിയതോടെ ഫയൽ നീക്കം പൂർണമായും നിലച്ചു. ഒരു ഉത്തരവ് പോലും വകുപ്പുകള്‍ക്ക് ഇറക്കാനാകുന്നില്ല. പ്രശ്നം പരിഹരിക്കാൻ എൻഐസിക്കും ഇതുവരെ കഴിഞ്ഞിട്ടില്ലെന്നതും തിരിച്ചടിയാണ്.

ഒന്നരമാസം മുമ്പാണ് ഇ-ഫയലിംഗ് സംവിധാനത്തിൽ പുനക്രമീകരണം കൊണ്ടുവന്നത്. ഇതിന് ശേഷം ഫയൽ നീക്കം മന്ദഗതിയിലായെന്ന് ഉദ്യോഗസ്ഥർക്ക് പരാതിയുണ്ടായിരുന്നു. ഇങ്ങനെയിരിക്കെയാണ് ചൊവ്വാഴ്ച രാവിലെ മുതൽ ഇ-ഓഫീസ് പൂർണമായും പണിമുടക്കിയത്. ഇ-ഫയലുകൾ തുറക്കാൻ പോലും ഉദ്യോഗസ്ഥർക്ക് കഴിയുന്നില്ല.ഇ-ഫയലിംഗ് നടപ്പിലാക്കുകയും മേൽനോട്ടം വഹിക്കുകയും ചെയ്യുന്ന നാഷണൽ ഇൻഫാമാറ്റിക് സെൻററിനെ വിവരമറിയിച്ചു.

തിങ്കളാഴ്ച വൈകുന്നേരത്തോടെ പ്രശ്നപരിഹരിക്കാനാകുമെന്നായിരുന്നു പ്രതീക്ഷ. പക്ഷെ രണ്ടു ദിവസമായിട്ടും എന്താണ് പ്രശനമെന്ന് കണ്ടെത്താൻ പോലും എൻഐസിക്ക് കഴിഞ്ഞിട്ടില്ല. ഐടി സെക്രട്ടറി വിളിച്ച യോഗത്തിൽ എൻഐസി ഉദ്യോഗസ്ഥർക്ക് നേരെ കയർക്കുവരെയുണ്ടായി. പൂർണമായും ഈ ഫയലിലായതിനാൽ തുടർന്നുള്ള ഫയലെഴുത്തുകള്‍ കടലാസാക്കാനും കഴിയുന്നില്ല.പിൻഫയലുകളുടെ വിവരങ്ങള്‍ അറിയാൻ കഴിയാത്തതുകൊണ്ടാണ് തുടർ നീക്കവും തടസപ്പെടുന്നത്.

ദില്ലിയിൽ നിന്നും എൻഐസി വിദഗ്ദരെത്തിയാൽ മാത്രമേ പ്രശ്നം പരിഹരിക്കാനവൂയെന്നാണ് ഇപ്പോള്‍ ഐടി വകുപ്പ് പറയുന്നത്. രണ്ട് ദിവസമായി പഞ്ച് ചെയ്തു കഴിഞ്ഞാൽ ഉദ്യോഗസ്ഥർക്കിപ്പോള്‍ പണിയില്ല. സെക്രട്ടറിയേറ്റ് സ്റ്റാഫ് സഹകരണ സംഘത്തിൻെറ തെരെ‍ഞ്ഞെടുപ്പ് ശനിയാഴ്ചയാണ്. ഫയൽ നീക്കം നിലച്ചതിനാൽ സംഘടനാ പ്രവർത്തകരായ ഉദ്യോഗസ്ഥരെല്ലാം വകുപ്പുകള്‍ കയറിയിറങ്ങി വോട്ടുപിടിക്കുന്ന തിരിക്കിലാണ്.