Kerala

കോഴിക്കോട് വ്യാപക നാശം വിതച്ച് കനത്തമഴയും കാറ്റും; താമരശേരി പൊലീസ് സ്‌റ്റേഷനിൽ കാറിന് മുകളില്‍ മരം വീണ് അപകടം

Spread the love

കോഴിക്കോട്: കാലവര്‍ഷം ശക്തമായതോടെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും കോഴിക്കോട് ജില്ലയിൽ വ്യാപക നാശനഷ്ടം. മരങ്ങള്‍ പൊട്ടിവീണും വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നും മതില്‍ തകര്‍ന്നുമാണ് വിവിധയിടങ്ങളില്‍ അനിഷ്ടസംഭവങ്ങള്‍ ഉണ്ടായത്. വൈദ്യുതി ലൈനില്‍ മരങ്ങള്‍ വീണതോടെ പലയിടങ്ങളിലും മണിക്കൂറുകളോളം വൈദ്യുതി മുടങ്ങി. നിരവധി സ്ഥലങ്ങളില്‍ റോഡിന് കുറുകെ മരം കടപുഴകി വീണ് ദീര്‍ഘനേരം ഗതാഗതം തടസ്സപ്പെട്ടു.

ഇന്ന് പുലര്‍ച്ചെ 1.30 ഓടെയും രാവിലെ 10 മണിയോടെയും ഉച്ചക്കുമാണ് ശക്തമായ കാറ്റും മഴയും അനുഭവപ്പെട്ടത്. താമരശ്ശേരി ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാര്‍ഡില്‍ പുതിയോട്ടില്‍ കണ്ടന്‍പാറ ഭാഗത്തും, ചെമ്പയി ഭാഗത്തും ഇന്ന് പുലര്‍ച്ചെ ചുഴലിക്കാറ്റിന് സമാനമായ കാറ്റാണ് വീശിയടിച്ചത്. നാല് വീടുകള്‍ക്ക് മുകളില്‍ മരം വീണു. നിരവധി തെങ്ങുകളും തേക്കും ഉള്‍പ്പെടെ കടപുഴകി വീണു. പലയിടങ്ങളിലും മതിലുകളും, വൈദ്യുതി ലൈനുകളും തകര്‍ന്നു. കെ പി വേലായുധന്‍, എം ഗംഗാധരന്‍ നായര്‍, കെ ടി സുരേഷ്, വളവില്‍ മമ്മി എന്നിവരുടെ വീടുകള്‍ക്ക് മുകളിലേക്കാണ് മരം വീണത്. കെ ടി ബലരാമന്‍, അബ്ദുറഹ്‌മാന്‍ മാസ്റ്റര്‍ തുടങ്ങിയവരുടെ ചുറ്റുമതില്‍ തകര്‍ന്നു. താമരശ്ശേരി ചെമ്പായി ഹസ്സന്‍ കോയയുടെ വീടിനു മുകളില്‍ തെങ്ങ് വീണ് കേടുപാട് സംഭവിച്ചു. ശക്തമായ കാറ്റില്‍ മരം വീണ് ഇരൂട് പുന്നക്കല്‍ ബിജുവിന്റെ വീടിന്റെ മേല്‍ക്കൂര തകര്‍ന്നു.

കട്ടാങ്ങല്‍, നീലേശ്വരം, ചെറൂപ്പ, കൂടരഞ്ഞി, താമരശ്ശേരി, മാവൂര്‍, ചേന്ദന്നമംഗല്ലൂര്‍, പാഴൂര്‍, ചാത്തമംഗലം, മണാശ്ശേരി എന്നിവിടങ്ങളിലാണ് മരം വീണത് മൂലം ഗതാഗതം തടസ്സപ്പെട്ടത്. താമരശ്ശേരി പോലീസ് സ്‌റ്റേഷന്‍ കോംപൗണ്ടില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് മുകളിലേക്ക് മരം കടപുഴകി വീണു. ഉണ്ണികുളം പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ തെച്ചി എസ്റ്റേറ്റ് പാടിയില്‍ താമസിക്കുന്ന എന്‍ സി അബൂബക്കറിന്റെയും, കുന്നത്ത് പീടികയില്‍ നൗഷാദിന്റെയും വീടിന് മുകളിലേക്ക് തെങ്ങ്മുറിഞ്ഞു വീണ് വീട് പൂര്‍ണമായും തകര്‍ന്നു. അപകട സമയത്ത് ആരും വീട്ടില്‍ ഇല്ലാതിരുന്നതിനാല്‍ വലിയ ദുരന്തം ഒഴിവാകുകയായിരുന്നു.