വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പാറശാല സ്വദേശിയടക്കം 10 പേർ ഖസാക്കിസ്ഥാനിൽ ദുരിതത്തിൽ
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പിനിരയായ പാറശാല സ്വദേശിയടക്കമുള്ള പത്തംഗസംഘം ഖസാക്കിസ്ഥാനിൽ ദുരിതത്തിൽ. കേരള തമിഴ്നാട് അതിർത്തിയിലെ ട്രാവൽ എജൻസി വഴി കിർഗിസ്ഥാനിലേക്ക് പോയവരാണ് തട്ടിപ്പിനിരയായി മറ്റൊരു രാജ്യത്ത് കഴിയുന്നത്.
കഴിഞ്ഞ മാസം പതിനഞ്ചിനാണ് പാറശ്ശാല മുറിയത്തോട്ടം സ്വദേശി വിപിൻ വിജയകുമാർ ഉൾപ്പടെയുള്ള സംഘം കിർഗിസ്ഥാനിലേക്ക് തിരിച്ചത്. ഖസാഖിസ്ഥാനിൽ വിമാനമിറങ്ങുമ്പോൾ, കാറിൽ റോഡുമാർഗം കിർഗിസ്ഥാനിൽ എത്തിക്കുമെന്നായിരുന്നു ഏജൻറുമാരുടെ വാഗ്ദാനം. എന്നാൽ ഇവിടെ എത്തിയ ഇവരെ ഹോട്ടലിലേക്കാണ് കൊണ്ടുപോയത്. രണ്ടു ദിവസത്തിനുള്ളിൽ മറ്റൊരു വാഹനത്തിൽ കിർഗിസ്ഥാനിൽ കൊണ്ടുപോകുമെന്നും അറിയിച്ചു. ഒരു മാസം കഴിഞ്ഞിട്ടും ഏജൻസി ജീവനക്കാർ ആരും വന്നില്ല.
പതിനാല് ദിവസത്തേക്ക് ഖസാക്കിസ്ഥാനിൽ താമസിക്കാനുള്ള വിസയാണ് ഇവർക്ക് ഉണ്ടായിരുന്നത്. വിസ കാലാവധി കഴിഞ്ഞതോടെ ആദ്യം താമസിച്ചിരുന്ന ഹോട്ടലിൽ നിന്ന് ഇറക്കി വിട്ടു. കരുതിയ പണമെല്ലാം തീർന്നു. ഭക്ഷണത്തിന് വീട്ടുകാരാണ് പണം അയച്ചു കൊടുക്കുന്നത്.
കിർഗിസ്ഥാനിലെ കൺസ്ട്രക്ഷൻ കമ്പനിയിൽ മാസം അമ്പതിനായിരം രൂപ ശമ്പളവും ഓവർ ടൈം ജോലിയും ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. ഒന്നര ലക്ഷം മുതൽ രണ്ട് ലക്ഷം വരെ ആളുകളിൽ നിന്ന് പടന്താലമൂട്ടിലെ സ്കൈനെറ്റ് ട്രാവൽ ഏജൻസി വാങ്ങിയിട്ടുണ്ട്. തമിഴ്നാട്ടിലാണ് ഏജൻസി. കളിയിക്കാവിള പൊലീസിൽ പരാതി നൽകിയിട്ടും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.