National

കേന്ദ്ര ബജറ്റില്‍ കായിക മേഖലക്ക് കൈയടിക്കാനൊന്നുമില്ല, ഖേലോ ഇന്ത്യക്ക് 900 കോടി

Spread the love

ദില്ലി: മൂന്നാം മോദി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റില്‍ കായിക മേഖലക്ക് അനുവദിച്ച തുകയില്‍ വര്‍ധന. കായികമേഖലയില്‍ അടിസ്ഥാന വികസനത്തിനായുള്ള ഖേലോ ഇന്ത്യ പദ്ധതിക്ക് 900 കോടി രൂപയാണ് കേന്ദ്ര മന്ത്രി നിര്‍മലാ സീതാരാമന്‍ കേന്ദ്ര ബജറ്റില്‍ നീക്കിവെച്ചിരിക്കുന്നത്. കഴിഞ്ഞ ബജറ്റില്‍ അനുവദിച്ച 880 കോടിയേക്കാള്‍ 20 കോടി ഇത്തവണ ഖേലോ ഇന്ത്യക്ക് അനുവദിച്ചു.

കായിക മേഖലക്ക് ആകെ അനുവദിച്ചിരിക്കുന്നത് 3442.32 കോടി രൂപയാണ്. കഴിഞ്ഞ ബജറ്റില്‍ അനുവദിച്ചതിനേക്കാള്‍ 45.36 കോടി രൂപ അധികം. ഒളിംപിക്സ് വര്‍ഷത്തിലും അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ നടക്കാനിരിക്കുന്ന ഏഷ്യന്‍ ഗെയിംസ്, കോമണ്‍വെല്‍ത്ത് ഗെയിംസ് എന്നിവ കണക്കിലെടുത്തും കൂടുതല്‍ തുക അനവുദിക്കുമെന്ന് പ്രതീക്ഷ അസ്ഥാനത്തായി.

2020ല്‍ പുതിയ കായിക പ്രതിഭകളെ കണ്ടെത്താനായി ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസിനും ഖേലോ ഇന്ത്യ വിന്‍റര്‍ ഗെയിംസിനും കായികമന്ത്രാലയും തുടക്കമിട്ടിരുന്നു. കഴിഞ്ഞ വര്‍ഷം ഖേലോ ഇന്ത്യ പാരാ ഗെയിംസും തുടങ്ങി. വളര്‍ന്നുവരുന്ന കായികതാരങ്ങളെ കണ്ടെത്താനായി രാജ്യത്തിന്‍റെ വിവിധ ഇടങ്ങളില്‍ ഖേലോ ഇന്ത്യ എക്സലന്‍സ് കേന്ദ്രങ്ങളും കായിക മന്ത്രാലയം തുടങ്ങിയിരുന്നു. ഒളിംപിക്സിനുള്ള ഇന്ത്യൻ സംഘത്തില്‍ ഖേലോ ഇന്ത്യയുടെ ഭാഗമായി ഉയര്‍ന്നുവന്ന കായിത താരങ്ങളുമുണ്ട്. കായിക ഫെഡറേഷനുകള്‍ക്കുള്ള വിഹിതം ഇത്തവണ 15 കോടി വര്‍ധിപ്പിച്ച് 340 കോടി രൂപയാക്കി ഉയര്‍ത്തിയിട്ടുണ്ട്.

സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ(സായ്)ക്കുളള ധനസഹായം 26.83 കോടി ഉയര്‍ത്തി 822.60 കോടിയാക്കിയിട്ടുണ്ട്. രാജ്യത്തെ വിവിധ സ്റ്റേഡിയങ്ങളുടെ പരിപാലനവും ഒളിംപിക് പോഡിയം പദ്ധതിയുടെ നടത്തിപ്പും സായിയുടെ നേതൃത്വത്തിലാണ് നടക്കുന്നത്. ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സിക്കുള്ള(നാഡ) ഫണ്ടിലും നാമമാത്ര വര്‍ധന ഉണ്ട്. കഴിഞ്ഞ ബജറ്റില്‍ 21.73 കോടിയായിരുന്നത് 22.30 കോടിയായി ഉയര്‍ത്തി. ദേശീയ ഉത്തേജ പരിശോധനാ ലാബോറട്ടറിക്കുള്ള വിഹിതം 19.50 കോടിയില്‍ നിന്ന് 22 കോടിയായി ഉയര്‍ത്തി.