‘കരയിൽ തെരച്ചിൽ തുടരണം; ദൗത്യത്തിന് ആവശ്യപ്പെട്ട സംവിധാനങ്ങൾ ഒരുക്കി നൽകുന്നില്ല’; രഞ്ജിത്ത് ഇസ്രയേൽ
കർണാടക ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തെരച്ചിനായി ദൗത്യത്തിന് ആവശ്യപ്പെട്ട സംവിധാനങ്ങൾ ഒരുക്കി നൽകുന്നില്ലെന്ന് രക്ഷാപ്രവർത്തകൻ രഞ്ജിത്ത് ഇസ്രയേൽ. കരയിൽ തെരച്ചിൽ തുടരണമെന്ന് രഞ്ജിത്ത് പറഞ്ഞു. പുഴയോരത്ത് മണ്ണ് മാറ്റാനുണ്ടെന്നും കരയിലെ പരിശോധനക്ക് കൂടുതൽ സംവിധാനങ്ങൾ ആവശ്യമുണ്ടെന്നും രഞ്ജിത്ത് ഇസ്രയേൽ പറഞ്ഞു.
അതേസമയം അപകട സ്ഥലത്തേക്ക് രഞ്ജിത്തിന് കടത്തിവിട്ടില്ല. ജില്ലാ കളക്ടറുടെ അനുമതി വേണമെന്ന് പൊലീസ് പറഞ്ഞുകൊണ്ടാണ് രഞ്ജിത്തിനെ തടഞ്ഞിരിക്കുന്നത്. കരയിൽ 80 ശതമാനം മാത്രമാണ് മണ്ണ് നീക്കിയിരിക്കുന്നതെന്ന് രഞ്ജിത്ത് പറഞ്ഞു. ലോറി മണ്ണിൽ തന്നെയുണ്ടെന്ന് രഞ്ജിത്ത് തറപ്പിച്ച് പറയുന്നു. ഒരു സഹകരണവും നൽകാൻ ആരും തയാറാകുന്നില്ലെന്ന് രഞ്ജിത്ത് പറഞ്ഞു. രക്ഷാദൗത്യം മന്ദാഗതിയിലാണെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ന് വൈകുന്നേരത്തോടെ കാര്യങ്ങളിൽ വ്യക്തതവരുമെന്ന് രഞ്ജിത്ത് ഇസ്രയേൽ വ്യക്തമാക്കി. അതേസമയം അപകട സ്ഥലത്ത് നിന്ന് ഒരു മൃതദേഹം ലഭിച്ചതായി ലോറിയുടമ മനാഫ് പറഞ്ഞു. ആരുടേതെന്ന് വ്യക്തമല്ലെന്നും കൂടുതൽ പരിശോധന വേണമെന്നും മനാഫ് വെളിപ്പെടുത്തി. രക്ഷാപ്രവർത്തനത്തിനായി നാട്ടിൽ നിന്ന് ആരും വരില്ലെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. 25 പേരുണ്ട് ഇതിൽ കൂടുതൽ പേരെ കടത്തിവിടാൻ അനുമതിയില്ലെന്ന് മനാഫ് പറഞ്ഞു. അർജുൻ വാഹനത്തിന് പുറത്ത് ഉണ്ടാകാനും സാധ്യതയുണ്ടെന്ന് മനാഫ് പറഞ്ഞു.
കർണാടക ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തെരച്ചിൽ എട്ടാം ദിവസത്തിലേക്ക് കടക്കുകയാണ്. കരയിൽ സിഗ്നൽ ലഭിച്ചയിടങ്ങളിൽ ലോറി കണ്ടെത്താൻ ആകാത്തതോടെ ഗംഗാവലി പുഴയിലായിരിക്കും ഇന്നത്തെ തെരച്ചിൽ. ഇന്നലെ നടത്തിയ തെരച്ചിലിൽ പുഴയിൽ 40 മീറ്റർ മാറി സിഗ്നൽ കണ്ടെത്തിയിരുന്നു. ലോറി ഇടിഞ്ഞു വീണ മണ്ണിനൊപ്പം ഗംഗംഗാവലി നദിയിലേക്ക് പതിച്ചേക്കാമെന്ന സംശയത്തിലാണ് സൈന്യം.