Kerala

കേരളത്തിന് വകയിരുത്തുകയല്ല, കേരളത്തെ വക വരുത്തുകയാണ് കേന്ദ്ര സർക്കാരിൻ്റെ ബജറ്റ്’: മന്ത്രി പി എ മുഹമ്മദ് റിയാസ്

Spread the love

കേന്ദ്ര ബജറ്റിൽ കേരളത്തിന് അവഗണന. കേരളത്തിന്റെ ആവശ്യങ്ങളിൽ പ്രഖ്യാപനങ്ങളൊന്നമുണ്ടായില്ല. കേരളത്തിനായി പ്രത്യേക പദ്ധതികളൊന്നും തന്നെ ബജറ്റിൽ പ്രഖ്യാപിച്ചിട്ടില്ല. കേരളത്തിന് പുതിയ ടൂറിസം പദ്ധതികളൊന്നും പ്രഖ്യാപിച്ചിട്ടില്ല. ഇപ്പോൾ കേന്ദ്ര ബജറ്റിനെതിരെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സംസ്ഥാന ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം. കേരളത്തിന് വകയിരുത്തുകയല്ല, കേരളത്തെ വക വരുത്തുകയാണ് കേന്ദ്ര സർക്കാരിൻ്റെ ബജറ്റെന്നും മന്ത്രി റിയാസ് ഫേസ്ബുക്കിൽ കുറിച്ചു.

അതേസമയം ചന്ദ്രബാബു നായിഡുവിനെയും നിതീഷ് കുമാറിനെയും ആശ്രയിച്ചുള്ള ഒരു എന്‍ സ്ക്വയര്‍ ബജറ്റാണിതെന്ന് എന്‍കെ പ്രേമചന്ദ്രൻ എംപി പറഞ്ഞു. കേരളത്തിൽ നിന്നും പാർലമെന്‍റിലേക്ക് എംപിയെ കൊടുത്താൽ പരിഗണിക്കുമെന്നത് വെറുതെയായി. കേരളത്തെ ബജറ്റിൽ പരാമർശിച്ചു പോലുമില്ല. സുരേഷ് ഗോപി വാഗ്ദാനം ചെയ്തപോലെ എയിംസിന്‍റെ വിഷയത്തിൽ ഒരു പ്രതികരണവും ഉണ്ടായില്ല.
ബിജെപി ഇതര സംസ്ഥാനങ്ങളോട് ബജറ്റിൽ ചിറ്റമ്മ നയം സ്വീകരിച്ചുവെന്നും എന്‍കെ പ്രേമചന്ദ്രൻ ആരോപിച്ചു.

ബിഹാറിനും ആന്ധ്രയ്ക്കും ഉയർന്ന പരിഗണന നൽകിയായിരുന്നു മൂന്നാം മോദി സർക്കാരിൻ്റെ ആദ്യ ബജറ്റ്. ബിഹാറിന് കൂടുതൽ മെഡിക്കൽ കോളേജുകളും വിമാനത്താവളവും പ്രഖ്യാപിച്ച് കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ. എന്നാൽ കേന്ദ്ര ബജറ്റിൽ കേരളത്തിന് പുതിയ ടൂറിസം പദ്ധതികൾ പ്രഖ്യാപിച്ചില്ല.

ബിഹാറിൽ 2 ക്ഷേത്ര ഇടനാഴികൾക്ക് സഹായം. ലോകോത്തര വിനോദ സഞ്ചാര നിലവാരത്തിലെത്തിക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമായാണ് പദ്ധതികൾ പ്രഖ്യാപിച്ചത്. ക്രൂയിസ് ടൂറിസത്തിന് പ്രോത്സാഹനം. വിദേശ ക്രൂയിസ് കമ്പനികൾക്ക് രാജ്യത്ത് ആഭ്യന്തര ക്രൂയിസുകൾ പ്രവർത്തിപ്പിക്കാൻ നികുതിയിളവ്. ഇതുവഴി തൊഴിൽ ലഭിക്കും.
ആന്ധ്രയുടെ തലസ്ഥാന വികസനത്തിന് പ്രത്യേക സഹായം പ്രഖ്യാപിച്ച് ധനകാര്യ മന്ത്രി. ഈ വര്‍ഷം 15000 കോടി രൂപ നല്‍കുമെന്ന് പ്രഖ്യാപനം. വരും വര്‍ഷങ്ങളിലും അധിക സഹായം നല്‍കുമെന്നും ധനകാര്യ മന്ത്രി പറഞ്ഞു.