Kerala

‘വലിയ പ്രതീക്ഷയായിരുന്നു, അങ്ങേയറ്റം നിരാശാജനകം; BJP അക്കൗണ്ട് തുറന്നപ്പോൾ കേരളത്തിന്റെ അക്കൗണ്ട് പൂട്ടി’: മന്ത്രി കെ എൻ ബാലഗോപാൽ

Spread the love

കേന്ദ്ര ബജറ്റ് നിരാശജനകമെന്ന് കേരള ധനമന്ത്രി കെ എൻ ബാലഗോപാൽ. വലിയ പ്രതീക്ഷയായിരുരന്നുവെന്നും എന്നാൽ അങ്ങേയറ്റം നിരാശാജനകമായിരുന്നു ബജറ്റെന്ന് മന്ത്രി പറഞ്ഞു. കേരള വിരുദ്ധമാണ് ബജറ്റ്. മോദി സർക്കാരിന്റെ ആരോഗ്യത്തെയും ആയുസ്സിനും ഭാവിക്കും വേണ്ടി മാത്രമുള്ള പൊളിറ്റിക്കൽ ഗിമ്മിക്കായിരുന്നു ബജറ്റ് അവതരണമെന്ന് മന്ത്രി ബാല​ഗോപാൽ വിമർശിച്ചു.

ഫെഡറലിസം എന്ന് പറയാൻ സർക്കാരിന് ഒരു അർഹതയും ഇല്ലെന്ന് തെളിയിക്കുന്നതാണ് ബജറ്റെന്ന് മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. ആകെയുള്ള റിസോഴ്സ് എടുത്ത് സ്വന്തം മുന്നണിയുടെ കാര്യം നടത്താൻ വേണ്ടി നോക്കുന്നു. ഭക്ഷ്യ സബ്സിഡി ഉൾപ്പെടെയുള്ള ചെലവുകളിൽ വലിയ വെട്ടിക്കുറവ് വരുത്തിയെന്ന് മന്ത്രി പറഞ്ഞു. തൊഴിലുറപ്പ് പദ്ധതിയിൽ ചെലവ് കുറഞ്ഞുവെന്നും സ്വകാര്യ മേഖലയിൽ തൊഴിലവസരങ്ങൾ ഉണ്ടാക്കുമെന്ന് മാത്രമാണ് പറയുന്നതെന്നും മന്ത്രി പറഞ്ഞു.

കേന്ദ്ര ബജറ്റിൽ പ്രഖ്യാപനങ്ങളൊന്നുമില്ലാത്തത് കേരളത്തെ ഇതു വലിയതോതിൽ ബാധിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു. വർഷങ്ങളായി ആവശ്യപ്പെടുന്ന എയിംസ് പറഞ്ഞിട്ടില്ല. ബിജെപി അക്കൗണ്ട് തുറന്നപ്പോൾ കേരളത്തിന്റെ അക്കൗണ്ട് പൂട്ടിയെന്ന് മന്ത്രി പരിഹസിച്ചു. സംയുക്തമായി കേരളത്തിന്റെ പൊതു താൽപര്യം സംരക്ഷിക്കാൻ മുന്നോട്ടു പോകണമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ ആവശ്യപ്പെട്ടു.

കേരളത്തിന് അർഹമായ നികുതി വിഹിതം ലഭിക്കുന്നില്ലെന്നും കേരളത്തിന്റെ ആകെ ചെലവിന്റെ 21 ശതമാനം മാത്രമേ കേന്ദ്രം തരുന്നുള്ളൂവെന്നും മന്ത്രി പറഞ്ഞു. കേന്ദ്രം നിലപാട് തിരുത്തണം.
സംസ്ഥാനത്തിന് അർഹമായത് നൽകണം. എല്ലാ സംസ്ഥാനങ്ങൾക്കും ന്യായമായത് കിട്ടാൻ അർഹതയുണ്ട്. രാഷ്ട്രീയത്തിനതീതമായി അവഗണനയെ കാണണമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. കേസ് നിൽക്കുന്നതുകൊണ്ട് സഹായിക്കില്ല എന്ന് പറയാൻ കേന്ദ്രത്തിന് പറ്റില്ല. കേരളത്തിന് അവകാശപ്പെട്ടതാണ് റവന്യൂ വരുമാനം. കോടതിയിൽ പോയി തീർക്കണമെന്ന് സർക്കാരിന് നിർബന്ധമില്ലെന്ന് മന്ത്രി ബാല​ഗോപാൽ പറഞ്ഞു.