Kerala

‘ബജറ്റില്‍ കേരളത്തെ അവഗണിച്ച കേന്ദ്ര നിലപാട് കേരള ജനതയോടുള്ള വെല്ലുവിളി’; കെ.രാജന്‍

Spread the love

ഇന്ന് അവതരിപ്പിച്ച കേന്ദ്ര ബജറ്റില്‍ കേരളത്തെ പൂര്‍ണ്ണമായും അവഗണിച്ച കേന്ദ്ര നിലപാടില്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തുന്നതായി റവന്യൂ മന്ത്രി കെ.രാജന്‍ പറഞ്ഞു. കേരളം ഇന്ത്യയില്‍ അല്ല എന്ന പോലെയാണ് കേന്ദ്ര സര്‍ക്കാരിന്‍റെ നിലപാട്. രണ്ട് സംസ്ഥാനങ്ങള്‍ക്ക് മാത്രമായുള്ള ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്ന് ഒറ്റ നോട്ടത്തില്‍ തോന്നിപോകും. രണ്ട് കേന്ദ്ര സഹമന്ത്രിമാര്‍ കേരളത്തില്‍ ഉണ്ടായിട്ടു കൂടി കേരളത്തിന് വേണ്ടി ഇടപെടാന്‍ കഴിഞ്ഞില്ല എന്ന വിമര്‍ശനം കൂടി റവന്യൂ മന്ത്രി രേഖപ്പെടുത്തി. എയിംസ് അടക്കം കേരളം പ്രതീക്ഷ പുലര്‍ത്തിയ പല പദ്ധതികളും ഉണ്ടായിരുന്നെങ്കിലും ഒരു പരിഗണനയും നല്‍കാത്ത ഈ ബജറ്റിനെതിരെ കേരള ജനത ഒന്നാകെ പ്രതികരിക്കണമെന്നും മന്ത്രി കെ.രാജന്‍ അഭിപ്രായപ്പെട്ടു

വിനോദ സഞ്ചാരത്തിന് ഏറ്റവും അധികം പ്രാമുഖ്യം നല്‍കുന്ന സംസ്ഥാനമായിട്ടു പോലും ഒരു കേന്ദ്ര ടൂറിസം സഹ മന്ത്രി ഉണ്ടായിട്ടു കൂടി ടൂറിസം മേഖലയില്‍ പോലും ഒരു പദ്ധതിയും കൊണ്ടുവരാന്‍ കഴിയാത്തത് ഏറെ പ്രതിഷേധാര്‍ഹമാണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്‍റെ ധന പ്രതിസന്ധി പരിഹരിക്കാനുള്ള ഒരു നടപടിയും സ്വീകരിക്കാത്തത് ശത്രുതാ മനോഭാവത്തോടെ കാണുന്നതു കൊണ്ടാണ്. അര്‍ഹതപ്പെട്ട വിഹിതമെങ്കിലും കേരളത്തിന് ലഭിക്കാനായി കേരളത്തില്‍ നിന്നുള്ള കേന്ദ്ര സഹമന്ത്രിമാര്‍ ഇടപെടണം എന്നു കൂടി റവന്യൂ മന്ത്രി കെ.രാജന്‍ അഭിപ്രായപ്പെട്ടു.

കേന്ദ്ര ബജറ്റ് പ്രഖ്യാപിച്ചപ്പോൾ കേരളത്തിന് വീണ്ടും നിരാശയാണ് ഉണ്ടായിരിക്കുന്നത് . കേരളത്തിന്റെ ആവശ്യങ്ങളിൽ പ്രഖ്യാപനങ്ങളൊന്നമുണ്ടായില്ല. കേരളത്തിനായി പ്രത്യേക പദ്ധതികളൊന്നും തന്നെ ബജറ്റിൽ പ്രഖ്യാപിച്ചിട്ടില്ല. സംസ്ഥാനം 24,000 കോടി രൂപയുടെ പാക്കേജ് ആവശ്യപ്പെട്ടിരുന്നു. കേരളത്തിന് പുതിയ ടൂറിസം പദ്ധതികളും പ്രഖ്യാപിച്ചിട്ടില്ല. പ്രളയ ദുരിതം നേരിടാനുള്ള സഹായ പ്രഖ്യാപനങ്ങളിലും കേരളത്തിനെ ഉൾപ്പെടുത്തിയിട്ടില്ല. ബിഹാ‍‍ർ, അസം, ഹിമാചൽ, സിക്കിം തുടങ്ങിയ സംസ്ഥാനങ്ങളെയാണ് പദ്ധതിക്കായി പരിഗണിച്ചത്.