രഞ്ജിത്ത് ഉൾപ്പടെയുള്ള രക്ഷാപ്രവർത്തകർക്ക് പ്രവേശനം അനുവദിക്കില്ല; കരയിലെ തെരച്ചിൽ പൂർത്തിയായി’; കർണാടക പൊലീസ്
കർണാടക ഷിരൂരിലെ മണ്ണിടിച്ചിലിൽ തെരച്ചിലിനായി രഞ്ജിത്ത് ഇസ്രയേൽ ഉൾപ്പടെയുള്ള രക്ഷാപ്രവർത്തകർക്ക് പ്രവേശനം അനുവദിക്കില്ലെന്ന് ഉത്തര കന്നഡ ജില്ലാ പൊലീസ് മേധാവി പി നാരായണ. കരയിലെ തെരച്ചിലിനായാണ് കഴിഞ്ഞ ദിവസങ്ങളിൽ അവരെ പ്രവേശിപ്പിച്ചത്. കരയിലെ തെരച്ചിൽ പൂർത്തിയായെന്ന് ഉത്തര കന്നഡ ജില്ലാ പൊലീസ് മേധാവി പ്രതികരിച്ചു.
എൻഡിആർഎഫും അനുമതി നൽകിയിട്ടില്ല. നേവിയും കരസേനയും സംയുക്തമായാണ് പുഴയിൽ തെരച്ചിൽ നടത്തുന്നത്. നേവിയുടെ കൂടുതൽ സംവിധാനങ്ങൾ തെരച്ചിലിനായി എത്തിച്ചിട്ടുണ്ട്. അപകട സ്ഥലത്തേക്ക് രഞ്ജിത്തിന് കടത്തിവിടാതെ തടഞ്ഞിരുന്നു. ജില്ലാ കളക്ടറുടെ അനുമതി വേണമെന്ന് പൊലീസ് പറഞ്ഞുകൊണ്ടാണ് രഞ്ജിത്തിനെ തടഞ്ഞത്.
കർണാടക ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തെരച്ചിൽ എട്ടാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. കരയിൽ സിഗ്നൽ ലഭിച്ചയിടങ്ങളിൽ ലോറി കണ്ടെത്താൻ ആകാത്തതോടെ ഗംഗാവലി പുഴയിലായിരിക്കും ഇന്നത്തെ തെരച്ചിൽ. ഇന്നലെ നടത്തിയ തെരച്ചിലിൽ പുഴയിൽ 40 മീറ്റർ മാറി സിഗ്നൽ കണ്ടെത്തിയിരുന്നു. ലോറി ഇടിഞ്ഞു വീണ മണ്ണിനൊപ്പം ഗംഗംഗാവലി നദിയിലേക്ക് പതിച്ചേക്കാമെന്ന സംശയത്തിലാണ് സൈന്യം.