Kerala

പള്ളിത്തര്‍ക്കം: മഴുവന്നൂര്‍ പുളിന്താനം പള്ളികളില്‍ വിശ്വാസികളുടെ പ്രതിഷേധം; കോടതി വിധി നടപ്പാക്കാനാകാതെ പൊലീസ് പിന്മാറി

Spread the love

ഓര്‍ത്തഡോക്‌സ് -യാക്കോബായ തര്‍ക്കം നിലനില്‍ക്കുന്ന മഴുവന്നൂര്‍, പുളിന്താനം പള്ളികളില്‍ കോടതി വിധി നടപ്പിലാക്കാനായില്ല. പള്ളിയുടെ ഗേറ്റിലെ പൂട്ട് അറുത്തു മാറ്റി അകത്തു പ്രവേശിക്കാനുള്ള പൊലീസിന്റെ ശ്രമം യാക്കോബായ വിശ്വാസികള്‍ തടഞ്ഞു. പ്രതിഷേധം കനത്തതോടെ പൊലീസ് പിന്മാറി.

മഴുവന്നൂര്‍ സെന്റ്.തോമസ് കത്തീഡ്രല്‍ പള്ളിയും പുളിന്താനം സെന്റ് ജോണ്‍സ് ബെസ്ഫാഗെ പള്ളിയും ഏറ്റെടുത്ത് ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് കൈമാറനുള്ള ഹൈക്കോടതി വിധി നടപ്പിലാക്കാനുള്ള ശ്രമത്തിനിടെ ഇന്നും വലിയ പ്രതിഷേധമാണ് യാക്കോബായ വിശ്വാസികളുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. ഗേറ്റിന്റെ പൂട്ട് അറുത്തുമാറ്റാന്‍ നോക്കിയെങ്കിലും പ്രതിഷേധം കനത്തതോടെ പൊലീസിന് പിന്മാറേണ്ടി വന്നു.

സമവായ ചര്‍ച്ചയിലൂടെ വിധി നടപ്പിലാക്കാന്‍ പൊലീസ് ശ്രമിച്ചെങ്കിലും വിശ്വാസികള്‍ വഴങ്ങിയില്ല. പുളിന്താനം പള്ളിയില്‍ പ്രതിഷേധത്തിനിടെ കുഴഞ്ഞു വീണ രണ്ടു വിശ്വാസികളെ ആശുപത്രിയിലേക്ക് മാറ്റി. ഈ മാസം 25 ന് ഹൈക്കോടതി കേസ് പരിഗണിക്കാനിരിക്കെ വിധി നടപ്പിലാക്കി റിപോര്‍ട്ട് നല്‍കാനായിരുന്നു ജില്ലാ ഭരണകൂടത്തിന്റെയും പൊലീസിന്റെയും നീക്കം.