National

‘ആഗോള രാഷ്ട്രീയ വെല്ലുവിളികള്‍ക്കിടയിലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ ശക്തമായ അടിത്തറയിൽ’; നിർമല സീതാരാമൻ

Spread the love

ആഗോള രാഷ്ട്രീയ വെല്ലുവിളികള്‍ക്കിടയിലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ ശക്തമായ അടിത്തറയിലാണ് നില കൊള്ളുന്നതെന്ന് അവർത്തിച്ച് ധനമന്ത്രി നിർമല സീതാരാമൻ. 6.5 മുതല്‍ 7 ശതമാനം വരെയാണ് അടുത്ത വര്‍ഷം മൊത്ത ആഭ്യന്തര ഉല്‍പാദനം രാജ്യത്ത് ഉണ്ടാകുമെന്നും അവർ വ്യക്തമാക്കി. ലോക്സഭയിൽ സാമ്പത്തിക സർവേ മേശപ്പുറത്ത് വച്ച് സംസാരിക്കുകയായിരുന്നു ധനമന്ത്രി.

നാളത്തെ കേന്ദ്ര ബജറ്റിന് മുന്നോടിയായാണ് ഇന്ന് സാമ്പത്തിക സർവേ പാർലമെന്റിന്റെ മേശപ്പുറത്ത് വച്ചത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം പ്രതീക്ഷിച്ച സാമ്പത്തിക വളര്‍ച്ച 8.2 ശതമാനമായിരുന്നെന്ന് സാമ്പത്തിക സർവേ വ്യക്തമാക്കുന്നു. ഇന്ത്യയുടെ പുരോഗതിയിൽ മൂലധന വിപണിക്ക് പ്രാമുഖ്യം ഏറി വരുന്നതായി സാമ്പത്തിക സര്‍വേ വ്യക്തമാക്കുന്നു.

നടപ്പു വര്‍ഷം ആറര-ഏഴ് ശതമാനത്തിനിടയിലാണ് പ്രതീക്ഷിത വളര്‍ച്ച. നാണ്യപ്പെരുപ്പം 4.5 ശതമാനം ആകും. പി.എം. ആവാസ് ഗ്രാമീണ്‍ പദ്ധതി വലിയ നേട്ടം രാജ്യത്ത് ഉണ്ടാക്കിയതായ് സർവേ പറയുന്നു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും (ആർബിഐ) അന്താരാഷ്ട്ര നാണയ നിധിയും (ഐഎംഎഫ്) , ഇന്ത്യയുടെ ഉപഭോക്തൃ വില- പണപ്പെരുപ്പം ഇവയെ കുറിച്ച് നടത്തിയ പ്രവചനങ്ങൾക്ക് വിശ്വാസ്യത നൽകുന്നതാണ് സാമ്പത്തിക സർവേ വിവരങ്ങളെന്നും ധനമന്ത്രി അവകാശപ്പെട്ടു.